ഇസ്രായേലിലേക്ക് ഹിസ്ബുല്ല റോക്കറ്റാക്രമണം; തെൽ അവീവിൽ അടിയന്തരാവസ്ഥ

തെൽ അവീവ്: ഇസ്രായേൽ നഗരങ്ങളായ തെൽ അവീവിനും ഹൈഫക്കും നേരെ റോക്കറ്റാക്രമണവുമായി ഹിസ്ബുല്ല. തെൽ അവീവിന് സമീപത്തെ ഗിലോറ്റ് സൈനിക കേന്ദ്രത്തിന് നേരെയാണ് ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് ഇസ്രായേലിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തുടർന്ന് ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഹൈഫയെ ലക്ഷ്യമിട്ടും ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായി. സ്റ്റെല്ല മേരിസ് ​നാവികതാവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സിസേറിയ നഗരത്തിൽ നടന്ന ആക്രമണമെന്ന പേരിൽ ചില ചിത്രങ്ങളും ഹിസ്ബുല്ല പുറത്തുവിട്ടിരുന്നു. എന്നാൽ, ഇതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തിട്ടില്ല. അതേസമയം, വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്.

മധ്യദൂര മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല തൊടുത്തതെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണമുണ്ടായി മിനിറ്റുകൾക്കം തന്നെ ഇസ്രായേലിൽ മുന്നറിയിപ്പ് സൈറണുകളും മുഴങ്ങിയെന്നും അൽ ജസീറയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വടക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു.

ബെയ്ത് ലാഹിയയിലാണ് ആക്രമണമുണ്ടായതെന്ന് വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുമെന്നും വഫയുടെ റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Hezbollah claims to have targeted Israeli city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.