ന്യൂയോർക്ക്: ഇന്ത്യയിൽ നിന്നുള്ള നൂറ് കണക്കിന് തൊഴിലാളികളെ യു.എസിലെ വിവിധ സ്ഥലങ്ങളിലുള്ള ക്ഷേത്ര നിർമാണങ്ങളിൽ ഏറ്റവും കുറഞ്ഞ കൂലിക്ക് നിർബന്ധിച്ച് പണിശയടുപ്പിക്കുന്നതായി ഹിന്ദുത്വ സംഘടനക്കെതിരെ പരാതി. ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്തക്കെതിരെയാണ് (ബി.എ.പി.എസ്) പരാതി. മനുഷ്യക്കടത്തു നടത്തിയെന്നും വേതന നിയമങ്ങൾ ലംഘിച്ചെന്നും കാട്ടി സംഘടനക്കെതിരെ ഒരു കൂട്ടം ഇന്ത്യൻ തൊഴിലാളികൾ യു. എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു.
ന്യൂജഴ്സിയിൽ നിർമിക്കുന്ന കൂറ്റൻ സ്വാമി നാരായൺ ക്ഷേത്രത്തിന്‍റെ പണികൾ കേവലം ഒരു ഡോളറിന് ചെയ്യാൻ നിർബന്ധിതരായി എന്ന് തൊഴിലാളികൾ പറയുന്നു. അറ്റ്ലാന്‍റ, ചിക്കാഗോ, ഹൂസ്റ്റൺ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലെ ക്ഷേത്ര നിർമാണത്തിലും അടിമപ്പണി നടക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ന്യൂജഴ്‌സിയിലെ റോബിൻസ്‌വില്ലിൽ അവർക്ക് പ്രതിമാസം 450 ഡോളർ മാത്രമാണ് കൂലി നൽകുന്നത്. നൂറുകണക്കിന് തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
പല നിർമാണ കേന്ദ്രങ്ങളിലും വേണ്ടത്ര സുരക്ഷാ സൗകര്യങ്ങൾ പോലുമില്ല. അപകടകരമായ സാഹചര്യത്തിലാണ് ഇവർ പണിയെടുക്കുന്നത്. 2018 മുതലാണ് സംഘടന ക്ഷേത്ര നിർമാണങ്ങൾക്കായി ഇന്ത്യയിൽനിന്ന് യു.എസിലേക്ക് മനുഷ്യക്കടത്ത് തുടങ്ങിയത്. ഇതിനകം 200ലധികം പേരെ അവിടെ എത്തിച്ചിട്ടുണ്ട്.
റോബിൻസ്‌വില്ലിലുള്ള സ്വാമിനാരായണ ക്ഷേത്രം യു.എസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. നിർബന്ധിത തൊഴിൽ, നിർബന്ധിത ജോലിയുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത്, അടിമ ജോലി, ഗൂഢാലോചന, വിദേശ തൊഴിൽ കരാറിൽ വഞ്ചനയിൽ ഏർപ്പെടാനുള്ള ഉദ്ദേശ്യത്തോടെ കുടിയേറ്റ രേഖകൾ നിർമിക്കൽൽ, മിനിമം വേതനം നൽകാത്തത് എന്നിവ ഉൾപ്പെടുത്തിയാണ് സംഘടനക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
തൊഴിലാളികൾക്ക് മണിക്കൂറിന് 1.2 ഡോളർ വേതനം മാത്രമാണ് നൽകുന്നതെന്ന് ഇന്ത്യ സിവിൽ വാച്ച് ഇൻറർനാഷനൽ എന്ന സംഘടന പറയുന്നു. യു.എസ് ഫെഡറൽ അനുശാസിക്കുന്ന മിനിമം വേതനമായ മണിക്കൂറിൽ 7.25 ഡോളറിലും വളരെ താഴെയാണിത്.
മാത്രമല്ല, ട്രയിലറുകളിലാണ് ഇവരെ പാർപ്പിച്ചിരുന്നതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഒരു ദിവസം ഏകദേശം 13 മണിക്കൂർ ജോലി ചെയ്തു. വലിയ കല്ലുകൾ ഉയർത്തുക, ക്രെയിനുകൾ, മറ്റ് ഭാരമേറിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുക, റോഡുകളും ആഴമേറിയ അഴുക്കുചാലുകളും നിർമ്മിക്കുക, കിടങ്ങുകൾ കുഴിക്കുക, മഞ്ഞ് കളയുക എന്നീ പണികളാണ് എടുത്തിരുന്നത് -ഒരു തൊഴിലാളി പറയുന്നു. 50 ഡോളർ തൊഴിലാളികളുടെ കൈവശം പണമായി നൽകുകയും ബാക്കി 400 ഡോളർ നാട്ടിലെ അക്കൗണ്ടിൽ നിക്ഷേപിക്കുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ, ഈ ആുരാപണങ്ങൾ എല്ലാം തന്നെ നിഷേധിക്കുന്നതായി ബി.എ.പി.എസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.