ഹോങ്കോങ്: ജയിലിലടച്ച ജനാധിപത്യ അനുകൂല പ്രവര്‍ത്തകനായ ജിമ്മി ലായുടെ മാധ്യമ ഗ്രൂപ്പായ 'ആപ്പിള്‍ ഡെയ്ലി'യില്‍ റെയ്ഡ്. റെയ്ഡിന് ശേഷം എഡിറ്റര്‍ ഇന്‍ ചീഫ്, നാല് ഡയറക്ടര്‍മാര്‍ എന്നിവരെ ഹോങ്കോങ് പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു വര്‍ഷം മുമ്പ് ഹോങ്കോങ്ങില്‍ ചൈന ഏര്‍പ്പെടുത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. 'ആപ്പിള്‍ ഡെയ്ലി'യുടെ ആസ്ഥാനത്തേക്കുള്ള പ്രവേശനവും പൊലീസ് തടഞ്ഞു. നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് 'ആപ്പിള്‍ ഡെയ്ലി'യുടെ ഹെഡ് ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയത്.
എഡിറ്റര്‍ ഇന്‍ ചീഫ് റയാന്‍ ലോ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ച്യൂംങ് കിം-ഹങ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ചൗ ടാറ്റ് ക്വന്‍, ഡെപ്യൂട്ടി ചീഫ് എഡിറ്റര്‍ ചാന്‍ പ്യൂമാന്‍, ചീഫ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ ച്യൂങ് ചി വായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആപ്പിള്‍ ഡെയ്ലി സ്ഥിരീകരിച്ചു. ഇവര്‍ 'വിദേശ ശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടു' എന്നാണ് ഹോങ്കോങ് അധികാരികള്‍ ആരോപിക്കുന്നത്.
ഹോങ്കോങ്ങിനും ചൈനയ്ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെടുന്ന 30ല്‍ അധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചെന്ന് സീനിയര്‍ സൂപ്രണ്ട് ലി ക്വായ്-വാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാണ് രാജ്യത്തെ മുന്‍നിര ടാബ്ലോയ്ഡായ 'ആപ്പിള്‍ ഡെയ്ലി' ഉടമയും ശതകോടീശ്വരനുമായ ജിമ്മി ലായെ ജയിലിലടച്ചിരിക്കുന്നത്. ചൈനയുടെ കടുത്ത വിമര്‍ശകനാണ് ഇദ്ദേഹം. ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് നിരവധി പ്രമുഖരെ ഇതിനോടകം ജയിലില്‍ അടച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.