ആസ്ത്രേലിയൻ ഖനികളിൽ നടക്കുന്നത് വ്യാപക ലൈംഗിക ചൂഷണങ്ങൾ

കാൻബെറ: ആസ്ത്രേലിയയിലെ ഖനികളിൽ സ്ത്രീകൾ കടുത്ത ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്നതായി റിപ്പോർട്ട്. ബി.എച്ച്.പി ഗ്രൂപ്പ്, റിയോ ടിന്‍റോ ഗ്രൂപ്പ് തുടങ്ങിയ വൻകിട കമ്പനികൾക്കെതിരെയാണ് കൂടുതൽ ആരോപണങ്ങൾ ഉയർന്നിരുന്നിട്ടുള്ളത്. ഇതേ തുടർന്ന് സ്വന്തം നിലക്ക് അന്വേഷണം നടത്തുമെന്ന് കമ്പനികൾ പ്രഖ്യാപിച്ചിരുന്നു.

ലൈംഗിക ചൂഷണം ചൂണ്ടിക്കാട്ടി 2021 ൽ ബി.എച്ച്.പി ഗ്രൂപ്പിന് മാത്രം 91 പരാതികളാണ് കിട്ടിയത്. ഇതിൽ 79 എണ്ണം തെളിയിക്കപ്പെട്ടു. 2020 നും 2021നും ഇടക്ക് റിയോ ടിന്‍റോ ഗ്രൂപ്പിന് 51 പരാതികളും കിട്ടിയിട്ടുണ്ട്. ഇതിൽ ഒരെണ്ണം തെളിയിക്കപ്പെട്ടു.

25 ശതമാനത്തിൽ കൂടുതൽ സ്ത്രീകൾ ഖനിമേഖലയിൽ ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നതായും 50 ശതമാനത്തിലധികം പേർ അധിക്ഷേപങ്ങൾ നേരിടുന്നതായും ഫെബ്രുവരിയിൽ പുറത്തുവിട്ട റിയോ ടിന്‍റോയുടെ തന്നെ റിപ്പോർട്ട് വ്യക്തമാക്കുന്നു. വുഡ്സൈഡ് പെട്രോളിയം, ഫോർട്ടെസ്ക്യു മെറ്റൽസ് ഗ്രൂപ്പ്, ഷെവ്രൺ കോർപ്പ് തുടങ്ങിയ കമ്പനികൾക്കെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

തൊഴിലിടത്തിനടുത്ത് താമസ സൗകര്യം ഒരുക്കാതെ തൊഴിലാളികളെ ഉൾപ്രദേശങ്ങളിലേക്ക് എത്തിക്കുന്ന ആസ്ത്രേലിയയിലെ ഖനി മേഖലകളിലെ രീതിയാണ് ഫ്ലൈ ഇൻ-ഫ്ലൈ ഔട്ട്. കുറച്ച് ദിവസങ്ങൾക്കായി വിമാനത്തിൽ തൊഴിലിടത്തേക്ക് കൊണ്ടുപോകുകയും പിന്നീട് വീട്ടിൽ തിരിച്ചയക്കുകയും ചെയ്യുകയാണ് ഇവിടെ പതിവ്. ഇത്തരത്തിൽ കൊണ്ടുവരുമ്പോൾ സ്ത്രീകൾക്ക് ഒരുതരത്തിലുള്ള സുരക്ഷയും ലഭിക്കാറില്ല.

ഖനികളിൽ പുരുഷ മേധാവിത്വം കൂടുതലാണെന്നും ഖനികളിലെത്തിയാൽ ഒരു തരത്തിലുള്ള സുരക്ഷയും ആരിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയില്ലെന്നും തൊഴിലാളികൾ പറയുന്നു. അതിക്രമത്തിൽ നിന്ന് ഒഴിയാൻ ശ്രമിച്ചാൽ പലവിധത്തിലാകും പിന്തുടർന്ന് ആക്രമിക്കുകയെന്നും അവർ പറയുന്നു.

സുരക്ഷ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ പരിഹാരം ഉണ്ടാക്കണമെങ്കിൽ ഖനിയുടെ ഒരു മേൽനോട്ടക്കാരനുമായി സഹകരിക്കണമെന്ന് ഒരിക്കൽ പ്രതികരിച്ചതായി സഹായം ചോദിച്ച് ചെന്ന ഒരു തൊഴിലാളി വെളിപ്പെടുത്തി. മയക്ക് മരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുകയും ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്യുക, മറ്റുള്ളവരുടെ മുന്നിൽ വെച്ച് അതിക്രമിക്കുമ്പോൾ മറ്റുള്ളവർ പ്രോത്സാഹിപ്പിക്കുക, ലൈംഗിക ചുവയുള്ള തമാശകൾ പറയുക, സ്ത്രീകൾ താമസിക്കുന്ന പരിസരത്ത് വന്ന് തുടർച്ചയായി ശല്യം ചെയ്യുക, മോശമായ സന്ദേശങ്ങളയക്കുക എന്നിങ്ങനെ നീളുന്നു പരസ്പരം സഹായത്തിന് പോലും ആളില്ലാത്തിടത്ത് നടക്കുന്ന പതിവുകൾ.

സ്ത്രീകൾക്കെതിരെ സ്പഷ്ടമായി നടക്കുന്ന അതിക്രമങ്ങളെ ഖനികളുടെ മേൽനോട്ടക്കാരും പ്രോത്സാഹിപ്പിച്ച അനുഭവം അവിടുത്തെ തൊഴിലാളികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പങ്കുവെച്ചിരുന്നു. റിപ്പോർട്ടുകൾ ഗൗരവമായി പഠിക്കുമെന്ന് റിയോ ഗ്രൂപ്പ് മേധാവി സൈമൺ ട്രോട്ട് പ്രതികരിച്ചു. 

Tags:    
News Summary - ‘Horrific’ Sexual Abuses Uncovered in Australia Mining Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.