പരിക്കേറ്റ ഫലസ്തീൻ പൗരനെ മനുഷ്യകവചമാക്കി ഇസ്രായേലിന്‍റെ ക്രൂരത; ബോണറ്റിൽ കെട്ടിയിട്ട് ജീപ്പോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഗസ്സ: ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീൻ പൗരനെ വാഹനത്തിന് മുന്നിൽ കെട്ടിവെച്ച് മനുഷ്യകവചമാക്കി ഇസ്രായേൽ സേനയുടെ ക്രൂരത. വെസ്റ്റ് ബാങ്കിലെ ജെനിൻ സ്വദേശിയായ മുജാഹിദ് അസ്മി എന്ന യുവാവിനെയാണ് രണ്ട് ആംബുലൻസുകൾക്ക് മുന്നിൽ പോകുന്ന സൈനിക ജീപ്പിൽ കെട്ടിവെച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധം വ്യാപകമായി.

ജെനിനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. ആശുപത്രിയിലെത്തിക്കാൻ കുടുംബം ആംബുലൻസ് ചോദിച്ചപ്പോൾ സൈനികർ കൈകൾ ബന്ധിച്ച് ഇയാളെ ജീപ്പിന്റെ മുൻ ഭാഗത്ത് കെട്ടിവെച്ച് യാത്ര ചെയ്യുകയായിരുന്നു. ഇസ്രായേൽ സേനയെ ആക്രമിച്ചെന്ന സംശയത്തിലാണ് ഇയാളെ പിടികൂടിയതെന്നും സൈന്യം ചട്ടങ്ങൾ ലംഘിച്ചതായും ഇസ്രായേൽ സേന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും സേന വ്യക്തമാക്കി.

യുവാവിനെ ഇസ്രായേൽ സേന ‘മനുഷ്യകവച’മാക്കുകയായിരുന്നെന്ന് അധിനിവേശ ഫലസ്തീൻ പ്രദേശത്തെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടറായ ഫ്രാൻസെസ്‌ക അൽബനീസ് പറഞ്ഞു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്. വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇസ്രായേൽ സേന റെയ്ഡ് നടത്തുകയും കുടിയേറ്റക്കാരായ ജൂതന്മാർ ആക്രമിക്കുകയും ചെയ്യുന്നത് രൂക്ഷമായിട്ടുണ്ട്.

Tags:    
News Summary - Human shielding: Israeli forces strap Palestinian man to jeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.