30 വർഷം മുമ്പ് കൗമാരക്കാരനുമായുണ്ടായിരുന്ന ബന്ധത്തിന്റെ പേരിൽ ഐസ്‍ലൻഡ് വിദ്യാഭ്യാസ,ശിശുക്ഷേമ മന്ത്രി ആസ്തിൽഡർ ലോവ തോർസ്ഡോട്ടിർ രാജിവെച്ചു. ഇവർക്ക് 22 ഉം കൗമാരക്കാരന് 15ഉം ആയിരുന്നു ആ സമയത്ത് പ്രായം. ആ സമയത്ത് കുട്ടിയുടെ മെന്ററായിരുന്നു തോർസ്ഡോട്ടിർ. ഐസ്‍ലൻഡ് മാധ്യമമായ വിസിറിന് നൽകിയ അഭിമുഖത്തിലായിരുന്നു 58കാരിയായ തോർസ്ഡോട്ടിറിന്റെ വെളിപ്പെടുത്തൽ. ഐസ്‍ലൻഡിൽ വലിയ കോളിളക്കമാണ് ഈ വെളിപ്പെടുത്തൽ ഉണ്ടാക്കിയത്. തന്റെ യൗവനകാലത്ത് സംഭവിച്ച തെറ്റാണെന്നായിരുന്നു വിവാദങ്ങൾക്ക് മന്ത്രിയുടെ മറുപടി. സംഭവം നടന്നിട്ട് 36 വർഷം കഴിഞ്ഞു. അതിനിടക്ക് ഒരുപാട് സംഭവങ്ങൾ നടന്നു. ഈ പ്രശ്നം തനിക്ക് കൈകാര്യം ചെയ്യാനാവുമെന്നും അവർ അഭിമുഖത്തിൽ സൂചിപ്പിച്ചു.
എന്നാൽ മുൻകാല ജീവിതത്തിൽ സംഭവിച്ച തെറ്റ് തന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സ്ഥാനം രാജിവെച്ചാലും താൻ പാർലമെന്റ് അംഗമായി തുടരുമെന്നും അവർ വ്യക്തമാക്കി.
ഒരു മതസംഘടനയുടെ കൺസലറായി ജോലി ചെയ്യുകയായിരുന്നു അപ്പോൾ തോർസ്ഡോട്ടിർ. എറിക് അസ്മുഡ്സൺ എന്നായിരുന്നു ലോവ മെന്റർ ചെയ്ത 15 കാരന്റെ പേര്. ഒരു വർഷത്തിന് ശേഷം ഈ ബന്ധത്തിൽ ഒരു കുട്ടിയും ജനിച്ചു. ഒരുവർഷക്കാലം തോർസ്ഡോട്ടിർ കുട്ടിക്കൊപ്പം ചെലവഴിച്ചു.
അതിനിടെ കുട്ടിയെ കാണുന്നതിൽ നിന്ന് തോർസ്ഡോട്ടിർ തന്നെ തടയുകയാണെന്ന് കാണിച്ച് എറിക് അസ്മുഡ്സണും രംഗത്തുവന്നിരുന്നു. കാണാൻ അനുമതി ലഭിച്ചിരുന്നില്ലെങ്കിലും 18 വയസു വരെ കുട്ടിയുടെ ചെലവിന് ഇയാൾ പണം നൽകുകയും ചെയ്തിരുന്നു.
ഐസ്‍ലൻഡിൽ വലിയ പദവികൾ വഹിക്കുന്നവർ 18 വയസിൽ താഴെയുള്ളവരുമായി ലൈംഗിക ബന്ധം പുലർത്തുന്നത് നിയമവിരുദ്ധമാണ്. ഐസ്‍ലൻഡിലെ ജനറൽ പീനൽ കോഡ് പ്രകാരം ഇതിന് മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കും.
അസ്മുഡ്സണിന്റെ ബന്ധു ഇരുവരും തമ്മിൽ നിലനിന്നിരുന്ന ബന്ധത്തെ കുറിച്ച് സൂചിപ്പിക്കാനായി മന്ത്രിയുമായി ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു രാജി. തുടർന്ന് സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് ഇത് തടസ്സമായേക്കുമെന്ന് കണ്ട് തോർസ്ഡോട്ടിർ രാജിവെക്കുകയായിരുന്നു. മന്ത്രിയായി തുടർന്നാൽ വിവാദങ്ങൾ തന്നെ വേട്ടയാടിക്കൊണ്ടേയിരിക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.