ഗസ്സ: സെൻട്രൽ ഗസ്സയിൽ മാധ്യമപ്രവർത്തകരെ കാണിക്കാൻ ഹമാസിന്റെ ടണൽ തകർക്കുന്നതിനിടെ ആറ് ഇസ്രായേൽ സൈനികർ ഉഗ്രസ്ഫോടനത്തിൽ കൊല്ലപ്പെട്ടു. സെൻട്രൽ ഗസ്സയിലെ അൽബുറൈജ് അഭയാർഥി ക്യാമ്പിലാണ് സംഭവം.
ഇവിടെ ഹമാസിന്റെ തുരങ്കം തകർക്കുന്നതിനായി വിന്യസിച്ച സ്‌ഫോടകവസ്തുക്കൾ പ്രതീക്ഷിച്ചതിന് അരമണിക്കൂർ മുമ്പേ പൊട്ടിത്തെറിച്ചാണ് ഇസ്രായേൽ പ്രതിരോധ സേനയിലെ ആറ് റിസർവ് എഞ്ചിനീയർമാർ കൊല്ലപ്പെട്ടതെന്നാണ് സൈന്യം വിശദീകരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
സംഭവസ്ഥലത്ത് ഹമാസ് റോക്കറ്റ് നിർമാണ പ്ലാന്റ് ഉണ്ടായിരുന്നുവെന്നാണ് ഐ.ഡി.എഫ് പറയുന്നത്. ഇത് തകർക്കുന്നത് കാണിക്കാൻ ഇസ്രായേൽ അനുകൂല മാധ്യമ പ്രവർത്തകരുടെ സംഘത്തെ സൈന്യം കൂടെ കൂട്ടിയിരുന്നു. ഇവർ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കെയാണ് ഉഗ്രസ്ഫോടനം നടന്നതും ആറുപേർ കൊല്ലപ്പെട്ടതും. നിരവധി സൈനികർക്ക് സാരമായി പരിക്കേറ്റതായി സംഘത്തിലുണ്ടായിരുന്ന ടൈംസ് ഓഫ് ഇസ്രായേൽ ലേഖകൻ ഇമ്മാനുവൽ ഫാബിയൻ റിപ്പോർട്ട് ചെയ്തു. തന്റെ കൺമുന്നിൽ വലിയ സ്ഫോടനം നടക്കുന്നത് കണ്ടതായി ഇമ്മാനുവൽ പറഞ്ഞു.
ഉടൻ തന്നെ റിപ്പോർട്ടർമാരെ സംഭവസ്ഥലത്തുനിന്ന് നീക്കി. വൻ അപകടമുണ്ടായതായി സൈനിക കമാൻഡർമാർ റേഡിയോ വഴി പറയുന്നത് കേട്ടതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.
സർജന്റ് ഫസ്റ്റ് ക്ലാസ് ഗാവ്രിയൽ ബ്ലൂം (27), മാസ്റ്റർ സാർജന്റ് അമിത് മോഷെ ഷഹാർ (25), കാപ്റ്റൻ ഡെനിസ് ക്രോഖ്മലോവ് വെക്സ്‍ലർ (32), കാപ്റ്റൻ റോൺ എഫ്രിമി (26), മാസ്റ്റർ സർജന്റ് റോയി അവ്രഹം മൈമോൻ (24), സർജന്റ് മേജർ അകിവ യാസിൻസ്കി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റവരിൽ ഗായകനും നടനുമായ ഇഡാൻ അമേദിയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പിതാവ് പറഞ്ഞു.
അതിനിടെ, സെൻട്രൽ ഗസ്സയിൽ ഹമാസ് ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും ഇസ്രായേൽ സ്ഥിരീകരിച്ചു. സർജന്റ് ഫസ്റ്റ് ക്ലാസ് ഡേവിഡ് ഷ്വാർട്സ് (26), സർജന്റ് ഫസ്റ്റ് ക്ലാസ് യാക്കിർ ഹെക്‌സ്‌റ്റർ (26) എന്നിവർ ഖാൻ യൂനിസിലും സർജൻറ് റോയി താൽ (19) തെക്കൻ ഗസ്സയിലുമാണ് കൊല്ലപ്പെട്ടത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദർശനത്തിനിടെയാണ് ഇസ്രായേൽ സൈന്യത്തിന് കനത്ത തിരിച്ചടിയായി ഒമ്പതുപേർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.