ജറൂസലം: ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കണ്ട യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പിന്തുണയറിയിക്കാൻ ഒരു പടികൂടി കടന്ന് ഒരു സയണിസ്റ്റ് തന്നെയാണെന്ന് ഉറപ്പുനൽകിയെന്ന് റിപ്പോർട്ടുകൾ. ‘സയണിസ്റ്റാകാൻ ജൂതൻ ആകണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുവെച്ച് ഞാനും ഒരു സയണിസ്റ്റാണ്’ എന്നായിരുന്നു യുദ്ധമന്ത്രിസഭയിൽ പ്രമുഖർക്ക് മുമ്പാകെ ബൈഡന്റെ പ്രഖ്യാപനം. ഇതുകേട്ട രാഷ്ട്രീയക്കാരും സൈനിക പ്രമുഖരും അംഗീകരിച്ച് കൈയടിക്കുകയും ചെയ്തു.
കാത്തലിക് വിശ്വാസിയായ ബൈഡൻ മുമ്പും ഇസ്രായേലിന് ഹൃദയം നൽകിയവനാണ് താനെന്നറിയിക്കുന്ന പ്രസ്താവനകൾ നടത്തിയിരുന്നു. ഇത്തവണ ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകകൂടി ചെയ്തതോടെ ഗസ്സയിൽ ഏതുതരം മാനുഷിക സഹായത്തെയും യു.എസ് എതിർക്കുമെന്ന ആശങ്ക ശക്തമാകുകയാണ്. സിവിലിയൻ മരണം ആയിരങ്ങൾ കടക്കുകയും ലോകത്തുടനീളം പ്രതിഷേധങ്ങൾ അരങ്ങേറുകയും ചെയ്തിട്ടും യു.എസ് അടക്കം രാജ്യങ്ങൾ ഇസ്രായേലിനെതിരെ നാവനക്കിയിട്ടില്ല.
1973ൽ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഭാഗമായ ബൈഡൻ അന്നു മുതൽ കടുത്ത ഇസ്രായേൽ അനുകൂലികൂടിയായാണ് അറിയപ്പെടുന്നത്. യു.എസ് സെനറ്ററായും പിന്നീട് ഒബാമക്കു കീഴിൽ അമേരിക്കൻ വൈസ് പ്രസിഡന്റായും നിന്നപ്പോഴും നിലപാടിൽ മാറ്റം വരുത്തിയില്ല. അടുത്തിടെ യു.എസിൽ സെമിറ്റിക് വിരുദ്ധ സംഭവങ്ങൾ റെക്കോഡിട്ടത് തന്റെ നിലപാടുകൾ കൂടുതൽ രൂഢമാക്കാനാണ് സഹായിച്ചത്. 36 വർഷം സെനറ്റിലുണ്ടായിരുന്ന ബൈഡൻ ഇസ്രായേൽ അനുകൂല ഗ്രൂപ്പുകളിൽനിന്ന് ഏറ്റവും കൂടുതൽ സഹായംപറ്റിയ ആളുമാണ്- 42 ലക്ഷം ഡോളർ.
റിപ്പബ്ലിക്കൻ കക്ഷിയും പൂർണമായി ഇസ്രായേലിനൊപ്പമായതിനാൽ പ്രതിപക്ഷ എതിർപ്പ് ഭയക്കാനില്ലെങ്കിലും മറ്റു ചില തലങ്ങളിൽനിന്ന് എതിർപ്പ് ഉയരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ‘‘പ്രസിഡന്റ് ബൈഡൻ, അമേരിക്ക മൊത്തം നിങ്ങൾക്കൊപ്പമല്ല. ഇനിയെങ്കിലും ഉണർന്ന് അത് മനസ്സിലാക്കണം’’ എന്നായിരുന്നു യു.എസ് കോൺഗ്രസിലെ ഏക ഫലസ്തീനി അമേരിക്കൻ അംഗമായ റാശിദ തുലൈബിന്റെ പ്രതികരണം. തുലൈബിനൊപ്പം വേറെയും ഡെമോക്രാറ്റ് പ്രതിനിധികൾ ഇതേ നിലപാടുകാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.