ഹെൽസിങ്കി: സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യമായി നടത്തിയ പാർട്ടിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെ ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരീന് നേരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പാർട്ടിക്കിടെ 36കാരിയായ സന്ന മരീൻ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു. പ്രധാനമന്ത്രി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്.
സന്ന മരീൻ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞിരുന്നു. മദ്യപിക്കുക മാത്രമാണ് ചെയ്തത്. പാർട്ടിക്കിടെ മാത്രമാണ് മദ്യപിച്ചതെന്നും മറ്റൊരു സമയത്തും യാതൊരു ലഹരിവസ്തുക്കളും ഉപയോഗിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
ഭരണത്തിൽ ശ്രദ്ധിക്കുന്നതിനു പകരം പാർട്ടിക്കു പോകാനാണ് പ്രധാനമന്ത്രിക്ക് താൽപര്യമെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതോടെ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായ സന്നയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.
വിവാദവുമായി ബന്ധപ്പെട്ട് വൈകാരിക പ്രതികരണം നടത്തുന്ന സന്നയുടെ വിഡിയോയാണ് ഏറ്റവുമൊടുവിൽ വൈറലായത്. 'ഞാനുമൊരു മനുഷ്യനാണ്. ഈ ഇരുണ്ട കാലത്ത് എനിക്കും അൽപം സന്തോഷവും വിനോദവും വേണമെന്ന ആഗ്രഹമുണ്ട്. ഞാൻ കാണാൻ ഇഷ്ടപ്പെടാത്ത ചിത്രങ്ങളും വിഡിയോകളുമെല്ലാം അതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾക്കും അവ കാണാൻ ഇഷ്ടമായിരിക്കില്ലെന്ന് എനിക്ക് അറിയാം. അത് ഒരു സ്വകാര്യതയാണ്, അത് സന്തോഷകരമാണ്, അത് ജീവിതമാണ്' -സന്ന മരീൻ പറയുന്നു.
'പക്ഷേ, ഒരു ദിവസത്തെ ജോലി പോലും ഞാൻ മുടക്കിയിട്ടില്ല. ഒരു പ്രവൃത്തി പോലും ചെയ്യാതിരുന്നിട്ടില്ല. അങ്ങനെ സംഭവിക്കുകയുമില്ല' -സന്ന പറയുന്നു.
2019 ഡിസംബറിലാണ് സന്ന ഫിൻലൻഡ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. പാര്‍ട്ടിക്കും സ്വകാര്യചടങ്ങുകള്‍ക്കുമായി പ്രധാനമന്ത്രി ഏറെ നേരം ചെലവഴിക്കുന്നുവെന്ന ആരോപണം ഇവര്‍ക്കെതിരെ നേരത്തേയും ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.