തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥ, സഖ്യരാജ്യങ്ങളുമായി ഇടഞ്ഞു...; പാകിസ്താനിൽ പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ

അഴിമതിയും കെടുകാര്യസ്ഥതയും സാമ്പത്തിക മുരടിപ്പും കാരണം തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ കരകയറ്റുമെന്ന പ്രതീക്ഷയോടെയാണ് 2018ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് ഇംറാൻ ഖാൻ അധികാരത്തിലെത്തുന്നത്. എന്നാൽ, സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ കൈക്കൊണ്ട നടപടികളൊന്നും ഫലംകണ്ടില്ല.

പല തീരുമാനങ്ങളും തിരിച്ചടിക്കുന്നതാണ് കണ്ടത്. വിലക്ക‍യറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ, വൻ കടബാധ്യത എന്നിവക്കു മുന്നിൽ ഇംറാൻ കാഴ്ചക്കാരനായി. ഇതോടെയാണ് പ്രതിപക്ഷം ഒന്നിക്കുന്നതും അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതും. ഒടുവിൽ പ്രതിപക്ഷം ഒരുക്കിയ കെണിയിൽ അദ്ദേഹം വീണു. പാകിസ്താൻ മുസ്ലിം ലീഗ് -(എൻ) പ്രസിഡന്‍റ് ശഹ്ബാസ് ശരീഫിന്‍റെ പേരാണ് പാകിസ്താന്‍റെ അടുത്ത പ്രധാനമന്ത്രിയായി ഉയർന്നുകേൾക്കുന്നത്. ആരായാലും, കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.

തകർന്നടിഞ്ഞ സാമ്പദ് വ്യവസ്ഥ, വർധിച്ചുവരുന്ന തീവ്രവാദം, മുൻ സഖ്യരാജ്യങ്ങളുമായുള്ള ബന്ധത്തിലെ വിള്ളൽ എന്നിവയെല്ലാം പുതിയ സർക്കാറിന് തലവേദനയാകും. വരാനിരിക്കുന്ന സർക്കാർ ആഭ്യന്തര-വിദേശ ബന്ധങ്ങളിലെ വ്യത്യസ്ത വെല്ലുവിളികളെ മറികടക്കേണ്ടതുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ ആൻഡ് സോഷ്യൽ റിസർച്ച് ഡയറക്ടർ പ്രഫ. ജാഫർ അഹമ്മദ് പറയുന്നു.

തകർന്നടിഞ്ഞ സാമ്പത്തിക മേഖല

കുതിച്ചുയരുന്ന പണപ്പെരുപ്പവും വൻ കടബാധ്യതയും പണത്തിന്‍റെ മൂല്യതകർച്ചയും കാരണം മൂന്ന് വർഷമായി പാകിസ്താന്‍റെ വളർച്ച പിന്നോട്ടാണ്. ദിശ തെറ്റിയ നിലയിലാണ് രാജ്യമെന്ന് ഇസ്‍ലാമാബാദിലെ ഗവേഷണ സ്ഥാപനമായ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് ഇക്കോണമിക്സിലെ വൈസ് ചാൻസലർ നദീം ഉൽ ഹഖ് പറയുന്നു. സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കാൻ സമൂലമായ നയ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പണപ്പെരുപ്പം 12 ശതമാനത്തിലേറെയായി, വിദേശ കടം 130 ബില്യൺ ഡോളറാണ്, അല്ലെങ്കിൽ ജി.ഡി.പിയുടെ 43 ശതമാനം.


ഖാൻ അധികാരമേറ്റതിന് ശേഷം രൂപയുടെ മൂല്യം ഡോളറിനെതിരെ 190 ആയി കൂപ്പുകുത്തി. 2019ൽ ഒപ്പിട്ട ആറ് ബില്യൺ ഡോളറിന്റെ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) സാമ്പത്തിക സഹായ പാക്കേജ് പൂർണമായി നടപ്പാക്കാനായില്ല. കരാറിന്‍റെ ഭാഗമായുള്ള ചില സാധനങ്ങളുടെ സബ്‌സിഡികൾ വെട്ടിക്കുറക്കാനും അവസാനിപ്പിക്കാനുമുള്ള കരാറും വരുമാനവും നികുതി പിരിവും മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങളും സർക്കാർ ഉപേക്ഷിച്ചിരുന്നു. ഐ.എം.എഫ് പാക്കേജ് മുന്നോട്ടുകൊണ്ടുപോകണമെന്നാണ് പാകിസ്താൻ ബിസിനസ്സ് കൗൺസിൽ തലവൻ ഇഷൻ മാലിക് ആവശ്യപ്പെടുന്നത്.

സഖ്യരാജ്യങ്ങളുമായി അകന്നു

പാകിസ്താൻ സർക്കാറും സൈന്യവും രണ്ടുദിശയിലാണ് പോകുന്നത്. പാകിസ്താനിലെ ചൈനയുടെ സാന്നിധ്യമാണ് ഒരു പ്രധാന കാരണം. സർക്കാർ ചൈനക്കൊപ്പം പോവുമ്പോൾ, പട്ടാളം ഇപ്പോഴും അമേരിക്കയുടെ കൂടെയാണ്. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുള്ള അവിശ്വാസ പ്രമേയമെന്ന ഉറച്ച നിലപാടിലായിരുന്നു ഇംറാൻ ഖാൻ.


എന്നാൽ, കരസേന മേധാവി ഖമർ ജാവേദ് ബജവ ഇംറാന്‍റെ ആരോപണം നിഷേധിച്ച് രംഗത്തുവന്നത് സൈന്യവും സർക്കാറും തമ്മിലുള്ള ഭിന്നത പ്രകടമാക്കിയിരുന്നു. യു.എസുമായി മികച്ച ബന്ധമാണുള്ളതെന്നും മറ്റു ഉഭയകക്ഷി ബന്ധങ്ങളുടെ പേരിൽ അമേരിക്കയെ തള്ളേണ്ട ആവശ്യമില്ലെന്നുമായിരുന്നു കരസേന മേധാവിയുടെ പ്രതികരണം. അമേരിക്കയെ ഒഴിവാക്കി, ചൈനയോട് കൂടുതൽ അടുക്കുന്നതാണ് ഇംറാന്‍റെ ഭരണകാലത്ത് കണ്ടത്.

റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിക്കുന്ന ദിവസം ഇംറാൻ മോസ്കോയിലെത്തിയതും ലോക നേതാക്കൾ ബഹിഷ്കരിച്ച ചൈനയിലെ ശീതകാല ഒളിമ്പിക്സിൽ ഇംറാൻ പങ്കെടുത്തതുമെല്ലാം പശ്ചാത്യ രാജ്യങ്ങളെ ചൊടിപ്പിച്ചു.

ഈ രാജ്യങ്ങളുമായുള്ള ബന്ധം പൂർവസ്ഥിതിയിലാക്കാൻ കഠിനശ്രമം നടത്തേണ്ടതുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനും ജേർണലിസം അധ്യാപകനുമായ തൗസീഫ് അഹ്മദ് ഖാൻ പറഞ്ഞു.

Tags:    
News Summary - Imran Khan Bowled Out, But Next Pak Leader To Face Tall Challenges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.