ഇസ്ലാമാബാദ്: അദിയാല ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് അഭിഭാഷകൻ. സി ക്ലാസ് ജയിലിലെ ചെറിയ മുറിയിലാണ് ഖാനെ പാർപ്പിച്ചിരിക്കുന്നതെന്നും ആ മുറിയിൽ നിന്ന് പുറത്തിറങ്ങി നടക്കാൻ പോലും അനുവദിക്കുന്നില്ലെന്നും മുഖ്യ അഭിഭാഷകൻ നയീം ഹെയർദർ പഞ്ജോത ആരോപിച്ചു.
മുൻ പ്രധാനമന്ത്രിക്ക് നൽകുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തിലും തനിക്ക് സംശയമുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു. ഭക്ഷണവുമായി ബന്ധപ്പെട്ട ഹരജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. സൈഫർ കേസിന്‍റെ ഇൻ-ക്യാമറ ഹിയറിംഗിനെ പഞ്ജോത ചോദ്യം ചെയ്യുകയും കേസിൽ തുറന്ന വിചാരണയുമായി മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
മുൻ പ്രധാനമന്ത്രിയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്താനുള്ള പ്രചാരണത്തിന്റെ ഭാഗമാണ് സൈഫറിൽ പി.ടി.ഐ ചെയർമാനെ ശിക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) സമർപ്പിച്ച ചലാൻ പി.ടി.ഐ നിരസിക്കുകയും സൈഫർ കേസ് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പാർട്ടി ചെയർമാനും വൈസ് ചെയർമാനുമായ ഷാ മെഹമൂദ് ഖുറേഷിക്കെതിരെ സമർപ്പിച്ച ചലാൻ അർത്ഥശൂന്യവും സൈഫർ കേസ് പോലെ വ്യാജവുമാണെന്ന് പി.ടി.ഐ വക്താവ് പറഞ്ഞു. ഇമ്രാൻ ഖാനും ഷാ മഹ്മൂദ് ഖുറേഷിയും കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി എഫ്.ഐ.എ ചലാനിൽ വ്യക്തമാക്കി. പി.ടി.ഐ മുൻ സെക്രട്ടറി ജനറൽ അസദ് ഉമറിന്‍റെ പേര് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഇമ്രാൻ ഖാന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അസം ഖാനെ ശക്തമായ സാക്ഷിയായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ വിദേശകാര്യ സെക്രട്ടറിമാരായ അസദ് മജീദ്, സൊഹൈൽ മെഹമൂദ്, അന്നത്തെ അഡീഷണൽ വിദേശകാര്യ സെക്രട്ടറി ഫൈസൽ നിയാസ് തിർമിസി എന്നിവരുടെ പേരുകളും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൈഫർ കേസിൽ ഇമ്രാൻ ഖാന്റെയും ഷാ മഹ്മൂദ് ഖുറേഷിയുടെയും ജുഡീഷ്യൽ റിമാൻഡ് സെപ്റ്റംബർ 26ന് പ്രത്യേക കോടതി ഒക്ടോബർ 10 വരെ നീട്ടി. തുടർന്ന് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഖാനെയും ഖുറേഷിയെയും അറസ്റ്റ് ചെയ്യുകയും പ്രതികളെ വിചാരണ ചെയ്യാൻ ഔദ്യോഗിക രഹസ്യ നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.