ബെയ്ജിങ്: യുക്രെയ്‌ന് നേരെ റഷ്യ ആണവായുധ പ്രയോഗം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യൂറേഷ്യയിലെ ആണവ പ്രതിസന്ധി പരിഹരിക്കാൻ ആണവായുധങ്ങൾ ഉപയോഗിക്കരുതെന്നും ആണവയുദ്ധങ്ങൾ പാടില്ലെന്നും അന്താരാഷ്ട്ര സമൂഹം ഇതിനെ എതിർക്കണമെന്നും ഷി ജിൻപിങ് പറഞ്ഞു.
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെയും വ്‌ളാഡിമിർ പുടിന്റെ ആണവ ഭീഷണിയെയും എതിർക്കുന്നതായി റഷ്യയുടെ പേര് നേരിട്ട് പരാമർശിക്കാതെ ഷി ജിൻപിങ് പറഞ്ഞു.
സുസ്ഥിരവുമായ യൂറോപിൽ സുരക്ഷാ ചട്ടക്കൂട് കെട്ടിപ്പടുക്കാൻ ജർമനിയും യൂറോപ്യൻ യൂണിയനും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇവർ നടത്തുന്ന സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കാൻ ചൈന പിന്തുണയ്ക്കും -ഷി പറഞ്ഞു.
ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ചൈനീസ് പര്യടനം നടത്തിയതിലും ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെ എതിർക്കേണ്ടതിനാലാണ് ചൈനീസ് പര്യടനം നടത്തിയതെന്നും ഈ യുദ്ധത്തിൽ ആണവായുധങ്ങളൊന്നും ഉപയോഗിക്കരുതെന്ന് ചൈനീസ് പ്രസിഡന്റിനും തനിക്കും പ്രസ്താവിക്കാൻ കഴിഞ്ഞതായും ഒലാഫ് ഷോൾസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.