മോദിയുടെ സന്ദർശനത്തിനിടെ ആസ്ട്രേലിയൻ പാർല​മെന്റിൽ ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്ട്രേലിയൻ സന്ദർശനത്തിനിടെ, 2002ലെ ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് ആരോപിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി കാൻബറയിലെ പാർലമെന്റ് മന്ദിരത്തിൽ പ്രദർശിപ്പിച്ചു. സിഡ്‌നിയിൽ ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി ഉഭയകക്ഷി ചർച്ച നടത്തിയ ദിവസമാണ് ഡോക്യുമെന്ററി പ്രദർശനം നടത്തിയത്.

ഏതാനും പാർലമെന്റംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. 40 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ച ശേഷം പാനൽ ചർച്ചയും സംഘടിപ്പിച്ചു. ഓസ്‌ട്രേലിയൻ ഗ്രീൻസ് സെനറ്റർ ജോർദാൻ സ്റ്റീൽ-ജോൺ, ഡേവിഡ് ഷൂബ്രിഡ്ജ്, ഇന്ത്യയിൽ ജയിലിൽ കഴിയുന്ന മോദി വിമർശകനും മുൻ ഐ.പി.എസ് ഓഫിസറുമായ സഞ്ജീവ് ഭട്ടിന്റെ മകൾ ആകാശി ഭട്ട്, സൗത്ത് ഏഷ്യൻ സോളിഡാരിറ്റി ഗ്രൂപ്പ് പ്രതിനിധി ഡോ. കൽപന വിൽസൺ എന്നിവർ സംബന്ധിച്ചു.

ഇന്ത്യയിൽ സത്യം പറയുന്നത് ഒരു കുറ്റമാണെന്നും ഇന്ത്യയിലെ ഭരണകൂടത്തിന് കീഴിൽ ജനങ്ങൾ അനുഭവിക്കുന്നത് എന്താണ് എന്നതിന്റെ പരിച്ഛേദമാണ് ഈ ഡോക്യുമെന്ററിയെന്നും സെനറ്റർ ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു. ആസ്ട്രേലിയയിൽ പ്രവാസികളായ നിരവധി ഇന്ത്യക്കാർ ഈ സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കാൻ ഭയം കാരണം വിസമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഇന്ത്യയിലുള്ള കുടുംബം അപകടത്തിലാകുമെന്നും തങ്ങൾ തിരിച്ച് ഇന്ത്യയിലേക്ക് പോ​കേണ്ടിവന്നാൽ ഇത് പ്രയാസം സൃഷ്ടിക്കുമെന്നുമാണ് അവരുടെ ഭയം -അദ്ദേഹം പറഞ്ഞു.

പാനൽ ചർച്ചയിൽ ആസ്‌ട്രേലിയൻ ഗ്രീൻസ് സെനറ്റർ ഡേവിഡ് ഷൂബ്രിഡ്ജ് സംസാരിക്കുന്നു

ഗുജറാത്ത് മാസങ്ങളോളം കത്തുകയായിരുന്നുവെന്നും മുസ്‍ലിംകൾ നിഷ്കരുണം ടാർഗെറ്റുചെയ്യപ്പെട്ടുവെന്നും ആകാശി ഭട്ട് പറഞ്ഞു. ഇന്ത്യയിലെ വഷളായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് മോദിയുമായി സംസാരിക്കുന്നതിൽ ആസ്‌ട്രേലിയൻ പ്രധാനമന്ത്രി പരാജയപ്പെട്ടത് ആശങ്കാജനകമാ​ണെന്ന് സെനറ്റർ ജോർദാൻ സ്റ്റീൽ ജോൺ പറഞ്ഞു.

ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡ്നിയിൽ എത്തിയത്. തുടർന്ന് ഇവിടത്തെ വിവിധ പരിപാടികളിൽ സംബന്ധിച്ചു. ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായുള്ള ചർച്ചയിൽ, ആസ്ട്രേലിയയിൽ ക്ഷേത്രങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളിലും ഖലിസ്താൻ അനുകൂല ഗ്രൂപ്പുകൾ സജീവമാകുന്നതിലും ഇന്ത്യക്കുള്ള ആശങ്ക മോദി പങ്കുവെച്ചു. വിദ്യാർഥികളുടെയും വ്യാപാരി സമൂഹത്തിന്റെയും സഞ്ചാരം സുഗമമാക്കാനും അനധികൃത കുടിയേറ്റം തടയാനുമുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പുനരുപയോഗ ഊർജം, ധാതു ഖനനം പോലുള്ള രംഗങ്ങളിലെ സഹകരണ സാധ്യത മോദിയുടെ സന്ദർശനത്തിന്റെ അവസാന ദിനത്തിൽ ചർച്ചയായി.

ആസ്ട്രേലിയൻ കമ്പനികളുടെ സി.ഇ.ഒമാർ പ​ങ്കെടുത്ത വ്യാപാര വട്ടമേശ യോഗത്തിൽ ഡിജിറ്റൽ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, ടെലികോം, സെമികണ്ടക്ടറുകൾ തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആസ്ട്രേലിയൻ വ്യാപാര സമൂഹത്തെ മോദി ക്ഷണിച്ചു. വിവിധ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ സമാന മേഖലയിലെ ഇന്ത്യൻ വ്യാപാര രംഗങ്ങളിലെ സി.ഇ.ഒമാരുമായി ബന്ധം സ്ഥാപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇന്ത്യയിലെ ബിസിനസ് അനുകൂല സാഹചര്യം മോദി വിശദീകരിച്ചു.

Tags:    
News Summary - ‘In India, Telling the Truth Can Be a Crime’: Australian Lawmakers, Activists on BBC Documentary on Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.