ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഉരുണ്ടുകൂടിയ ഇന്ത്യ-ചൈന സംഘർഷം പരിഹാരത്തിലേക്ക്. യഥാർഥ നിയന്ത്രണരേഖയിൽ (എൽ.എ.സി) വീണ്ടും സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി, അഞ്ചിന മാർഗരേഖ അംഗീകരിച്ച് അതിർത്തിയിൽനിന്ന് ഉടൻ സൈനികരെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിമാരായ എസ്.ജയശങ്കറും വാങ് യിയും വ്യാഴാഴ്ച വൈകീട്ട് മോസ്കോയിൽ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനത്തിലെത്തിയത്.
നിയന്ത്രണരേഖയിൽ ചൈന പരിധിവിട്ട് സൈനിക വിന്യാസം നടത്തിയത് ഇന്ത്യ ശക്തമായി ഉന്നയിച്ചെങ്കിലും ചൈന അതിന് സ്വീകാര്യമായ മറുപടി നൽകാൻ തയാറായില്ലെന്ന് വിദേശകാര്യ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അതിർത്തി വിഷയത്തിൽ അഞ്ചിന മാർഗരേഖയായിരിക്കും ഇനി ഇരു രാജ്യങ്ങളെയും മുന്നോട്ടുനയിക്കുക. സൈന്യത്തെ പിൻവലിക്കുന്നതിനൊപ്പം അതിർത്തിയിൽ ഇരു രാജ്യത്തെയും സൈനികർ തമ്മിൽ വ്യക്തമായ അകലം പാലിക്കാനും ധാരണയായി. 'തുറന്നതും ക്രിയാത്മക'വുമായ ചർച്ചയാണ് മന്ത്രിമാർ തമ്മിൽ നടന്നതെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട സംയുക്ത വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാരായ രാജ്നാഥ് സിങ്, ജനറൽ വെ ഫെങ്ഗെ എന്നിവർ മോസ്കോയിൽ കൂടിക്കാഴ്ച നടത്തി ഒരാഴ്ച പിന്നിടുേമ്പാഴാണ് മറ്റൊരു ഉന്നതതല ചർച്ച കൂടി നടന്നത്.
രണ്ട് പ്രധാന രാജ്യങ്ങളെന്ന നിലയിൽ അതിർത്തി തർക്കം സ്വാഭാവികമാണെന്നും എന്നാൽ, അത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കാതെ പരിഹരിച്ച് മുന്നോട്ടു പോകുന്നതിലാണ് കാര്യമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇപ്പോൾ ഇരുരാജ്യങ്ങൾക്കുമിടക്ക് വേണ്ടത് പരസ്പര സഹകരണമാണ്, പരസ്പരം സംശയിക്കുന്ന അന്തരീക്ഷമല്ല- വാങ് യിയുടെ പേരിൽ ചൈനയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ മേയ് മുതലാണ് കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം മൂർച്ഛിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച 45 വർഷത്തെ ചരിത്രത്തിലാദ്യമായി ലഡാക്ക് അതിർത്തിയിൽ വെടിമുഴങ്ങിയതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചിരുന്നു.
കരാറിെൻറ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സൈനിക മേധാവികളും കിഴക്കൻ ലഡാക്കിലെ സാഹചര്യം വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി ജനറൽ എം.എം. നരവനെ, േവ്യാമസേന മേധാവി ആർ.കെ.എസ് ഭദോരിയ, നാവികസേന മേധാവി അഡ്മിറൽ കരം ഭീർ സിങ് എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
മാർഗരേഖയുടെ ഉള്ളടക്കം
1.ഇന്ത്യ-ചൈന ബന്ധം കൂടുതൽ ഊഷ്മളമാക്കും. വ്യത്യസ്ത നിലപാടുകളെ തർക്കത്തിലേക്ക് എത്തിക്കാതെ നോക്കും.
2. ശാശ്വത സമാധാനത്തിനായി അതിർത്തി സംബന്ധിച്ച നിലവിലെ എല്ലാ നടപടിക്രമങ്ങളും പാലിക്കും. സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ കർശന മുൻകരുതൽ.
3.നിലവിലെ ൈസനിക പിന്മാറ്റം പൂർത്തിയായശേഷം ഇരു രാജ്യത്തെയും സൈനികർ തമ്മിൽ സൗഹാർദപരമായ ഇടപെടലുകൾക്ക് കൂടുതൽ അവസരമൊരുക്കും.
4. അതിർത്തി വിഷയത്തിൽ പ്രത്യേക പ്രതിനിധി വഴി പരസ്പര സംഭാഷണം.
5. ഇന്ത്യ-ചൈന അതിർത്തികാര്യ സമിതിയുടെ കൂടിയാലോചനയും സഹകരണവും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.