ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയുടെ പക്കൽ ഒരു സമാധാന പദ്ധതിയും ഇല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യ എന്തുചെയ്യാൻ പോകുന്നുവെന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള ഏഷ്യാ സൊസൈറ്റിയിൽ നടന്ന സംവാദ സെഷനിലെ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയശങ്കർ.
ഇന്ത്യ ഒരു സമാധാന പദ്ധതി തയ്യാറാക്കിയെന്ന ഊഹാപോഹങ്ങൾക്ക് അറുതി വരുത്താനാണ് തന്റെ പ്രതികരണത്തിലൂടെ ജയശങ്കർ ശ്രമിച്ചത്. യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ എന്നിവരുമായുള്ള ടെലിഫോൺ സംഭാഷണത്തെ തുടർന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോസ്‌കോ, കീവ് സന്ദർശനങ്ങൾക്കു പിന്നാലെ കഴിഞ്ഞ രണ്ട് മാസമായി ഈ അഭ്യൂഹം കറങ്ങിത്തിരിയുന്നുണ്ട്.
‘റഷ്യൻ- യുക്രെയ്ൻ ഗവൺമെന്‍റുകളുമായി മോസ്കോയിലും കീവിലും മറ്റ് സ്ഥലങ്ങളിലും ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്. സംഘർഷത്തിന്‍റെ അവസാനം വേഗത്തിലാക്കാൻ അവർക്കിടയിൽ എന്തെങ്കിലും ഗൗരവതരമായ ചർച്ചകൾ ആരംഭിക്കാൻ വല്ലതും ചെയ്യാൻ കഴിയുമോ എന്ന് നോക്കാനാണത്. ഞങ്ങൾക്ക് ഒരു സമാധാന പദ്ധതി ഇല്ല. അതിനായി ഞങ്ങൾ ഒന്നും നിർദേശിക്കുന്നില്ല’ എന്ന് ജയശങ്കർ മറുപടിയായി പറഞ്ഞു. യുദ്ധങ്ങൾ തർക്കങ്ങൾ പരിഹരിക്കാനുള്ള വഴിയല്ലെന്നും യുദ്ധക്കളത്തിൽനിന്ന് ഒരു പരിഹാരം വരാൻ പോകുന്നില്ലെന്നും ആവർത്തിച്ചു. ഏതെങ്കിലും ഘട്ടത്തിൽ ചർച്ച ഉണ്ടാകുമെന്നാണ് ഇന്ത്യ കരുതുന്നതെന്നും പറഞ്ഞു.
സംഭാഷണങ്ങൾ നടത്തുകയും ഇരുവശവുമായും പങ്കിടുകയും ചെയ്യുന്നു. ഇരുപക്ഷവും ഇതിനെ മാനിക്കുന്നുവെന്നാണ് എന്റെ ബോധ്യം. കഴിഞ്ഞ ഏതാനും മാസങ്ങൾ പരിശോധിച്ചാൽ, പ്രധാനമന്ത്രി മോദി ജൂണിൽ പ്രസിഡന്‍റ് സെലൻസ്‌കിയെ കണ്ടു. ജൂലൈയിൽ പ്രസിഡന്‍റ് പുടിനെയും. ആഗസ്റ്റിൽ വീണ്ടും സെലൻസ്‌കിയെ കണ്ടു. ഈ മാസവും ഞങ്ങൾ ബന്ധപ്പെട്ടു. ഞങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രസിഡന്‍റ് പുടിനെ കണ്ടിരുന്നു. ഇന്നലെ പ്രധാനമന്ത്രി മോദി വീണ്ടും സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. തീർച്ചയായും ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ വികാരമുണ്ട്. സംഘർഷം എത്രയും വേഗം അവസാനിക്കുന്നുവോ അത് ആഗോള സമ്പദ്‌വ്യവസ്ഥക്കും സമൂഹത്തിനും നല്ലതാണെന്നും ജയശങ്കർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.