ഇന്ത്യൻ പർവതാരോഹക എവറസ്റ്റ് ബേസ് ക്യാമ്പിൽ മരിച്ചു

കാഠ്മണ്ഡു: പേസ് മേക്കർ ഉപയോഗിച്ച് എവറസ്റ്റ് കീഴടക്കാനിറങ്ങിയ ഇന്ത്യൻ പർവതാരോഹക കൊടുമുടിയുടെ ബേസ് ക്യാമ്പിൽ അസുഖം ബാധിച്ച് മരിച്ചു. പേസ് മേക്കർ ഉപയോഗിച്ച് എവറസ്റ്റ് കീഴടക്കുന്ന ഏഷ്യയിലെ ആദ്യ വനിത എന്ന ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഇറങ്ങിയ സൂസൻ ലിയോപോൾഡിന ജീസസ്( 59) ആണ് മരിച്ചത്. എവറസ്റ്റ് ബേസ് ക്യാമ്പിലെ പരിശീലനത്തിനിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് സോലുഖുംബു ജില്ലയിലെ ലുക്‌ല ടൗണിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമെന്ന് നേപ്പാൾ ടൂറിസം ഡയറക്ടർ യുവരാജ് ഖതിവാഡ പറഞ്ഞു.

ബേസ് ക്യാമ്പിലെ അക്ലിമേറ്റൈസേഷൻ പരിശീലനത്തിനിടെ ഇവർ അസുഖം ബാധിക്കുകയായിരുന്നു. സാധാരണ വേഗത നിലനിർത്താൻ കഴിയാത്തിനാൽ എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമം ഉപേക്ഷിക്കാൻ സൂസനോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ഉപദേശം സൂസൻ നിരസിക്കുകയായിരുന്നു.

എവറസ്റ്റ് ബേസ് ക്യാമ്പിന് അൽപ്പം മുകളിലായി 5,800 മീറ്റർ വരെ കയറിയ സൂസനെ ബുധനാഴ്ച വൈകീട്ട് ലുക്‌ല ടൗണിലേക്ക് നിർബന്ധിതമായി എയർലിഫ്റ്റ് ചെയ്യുകയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് പര്യവേഷണ സംഘാടകനായ ഗ്ലേസിയർ ഹിമാലയൻ ട്രെക്കിന്റെ ചെയർമാൻ ഡെൻഡി ഷെർപ്പ പറഞ്ഞു.

കേവലം 250 മീറ്റർ നീളമുള്ള ബേസ് ക്യാമ്പിന് മുകളിലുള്ള ക്രോംപ്ടൺ പോയിന്റിൽ എത്താൻ 15 മുതൽ 20 മിനിറ്റാണ് സാധാരണ വേണ്ടത്. എന്നാൽ ഈ ദൂരം താണ്ടാൻ സൂസൻ ആദ്യ ശ്രമത്തിൽ അഞ്ച് മണിക്കൂറും രണ്ടാമത്തെ ശ്രമത്തിൽ ആറ് മണിക്കൂറും സമയമടുത്തായിരുന്നുവത്രേ. ഒരു ചൈനീസ് പർവതാരോഹകനും വ്യാഴാഴ്ച മരിച്ചു.

Tags:    
News Summary - Indian Female Mountaineer Dies At Everest Base Camp After Falling Ill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.