വാഷിങ്ടൺ: ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജനായ ഐടി പ്രൊഫഷണലിന് യു.എസിൽ പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ. ശങ്കർ നാഗപ്പ ഹംഗുദ് (55) എന്നയാളാണ് ക്രൂര കൃത്യം നടത്തിയത്. 2019ലായിരുന്നു സംഭവം.
ഭാര്യയെയും മൂന്ന് മക്കളെയും പല ദിവസങ്ങളിലായി കാലിഫോർണിയയിലെ സ്വന്തം അപ്പാർട്ട്മെന്റിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ജ്യോതി ശങ്കർ (46), വരും ശങ്കർ (20), ഗൗരി ഹംഗുദ് (16), നിശ്ചൽ ഹംഗുദ്, (13) എന്നിവരാണ് കൊല്ലപ്പെട്ടത്.
2019 ഒക്‌ടോബർ ഏഴിന് ജംഗ്ഷൻ ബൊളിവാർഡിലെ വുഡ്‌ക്രീക്ക് വെസ്റ്റ് കോംപ്ലക്സിലുള്ള റോസ്‌വില്ലെ അപ്പാർട്ട്‌മെന്റിൽ വെച്ച് ഭാര്യയെയും മകളെയും ഇളയ മകനെയും ഹംഗുദ് കൊലപ്പെടുത്തി. പിന്നീട് റോസ്‌വില്ലിനും മൗണ്ട് ശാസ്‌തയ്ക്കും ഇടയിൽ എവിടെയോ വച്ച് മൂത്ത മകനെ കൊലപ്പെടുത്തി, മകന്റെ മൃതദേഹവുമായി ഒക്‌ടോബർ 13-ന് ഹംഗുദ് പോലീസിൽ കീഴടങ്ങുകയായിരുന്നു.
കുറ്റസമ്മതം നടത്തിയ ഹംഗുദ് സാമ്പത്തിക പ്രതിസന്ധി കാരണമാണ് കൃത്യം ചെയ്തതെന്ന് വെളിപ്പെടുത്തിയിരുന്നു. കുടുംബത്തെ സാമ്പത്തികമായി സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അയാൾ പറഞ്ഞു. അതേസമയം, ശിക്ഷാവിധിയുടെ സമയത്ത് പ്രതികരിക്കാൻ ഇയാൾ വിസമ്മതിച്ചു.
ഹംഗുദിന്‍റെ അപ്പാർട്ട്മെന്‍റിൽ വെച്ച് റോസ്‌വില്ലെ പോലീസ് ഭാര്യയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മൗണ്ട് ശാസ്തായിലെ പോലീസ് സ്റ്റേഷനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് മൂത്ത മകന്റെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.