അഡ്മിഷൻ കാർഡ് വ്യാജമെന്ന്; കാനഡയിൽ 700 ഓളം ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ

ന്യൂഡൽഹി: കാനഡയിൽ 100 കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ. വിദ്യാർഥികളിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരാണ്. കാനഡയിലെ സർവകലാശാലകളിൽ വിദ്യാർഥികൾ പ്രവേശനം നേടിയത് വ്യാജ അഡ്മിഷൻ കാർഡ് ഉപയേഗിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളെ നാടുകടത്താൻ കനേഡിയൻ സർക്കാർ ഒരുങ്ങുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ തെരുവിലിറങ്ങി.

വ്യജ ഓഫർ ലെറ്ററുകൾ തങ്ങളുടെ ഏജന്റ് ആണ് നൽകിയതെന്നും ലെറ്ററുകൾ ലഭിച്ചപ്പോഴാണ് തങ്ങൾ കാനഡയിലേക്ക് വന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. കാനഡയിലേക്ക് വരുന്നതിനായി സമ്പാദ്യം മുഴുവൻ ചെലവഴിച്ചു. ഇവിടെ എത്തിയപ്പോൾ അഡ്മിഷൻ ലെറ്റർ ലഭിച്ച സർവകലാശാലയിൽ സീറ്റുകൾ നിറഞ്ഞുവെന്നും മറ്റ് കോളജുകളിൽ സീറ്റ് നേടിത്തരാമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ ഞങ്ങൾ അത് സമ്മതിച്ചു. മൂന്ന് -നാല് വർഷത്തെ കോഴ്സും ഞങ്ങൾ പൂർത്തിയാക്കി. അതിനു ശേഷം സ്ഥിരതാമസത്തിനുള്ള അപേക്ഷ നൽകിയപ്പോഴാണ് ഞങ്ങൾ വിസ എടുക്കാനായി ഉപയോഗിച്ച അഡ്മിഷൻ ടിക്കറ്റ് വ്യാജമാണെന്ന് കാനഡ ബോർഡർ സർവീസ് ഏജൻസി പറയുന്നത്.

2018 ലാണ് വിസ സ്വീകരിച്ചത്. പഠനമെല്ലാം പൂർത്തിയായി നാലഞ്ച് വർഷത്തിന് ശേഷമാണ് വ്യാജ അഡ്മിഷൻ ടിക്കറ്റ് എന്ന ആരോപണം വരുന്നത്. -വിദ്യാർഥികൾ ആരോപിച്ചു. തങ്ങളെ തിരിച്ചയക്കരുതെന്നും ഈ വിഷയത്തിൽ കുറ്റക്കാരൻ ഏജന്റാണെന്നും വിദ്യാർഥകൾ പറഞ്ഞു. ഏകദേശം 700 പേർ നാടുകടത്തൽ ഭീഷണിയിലാണെന്നും അവർ കൂട്ടിച്ചേർത്തു.

വ്യാജ അഡ്മിഷൻ കാർഡ് വഴി വിദ്യാർഥികളെ കാനഡയിലെത്തിച്ച സംഭവം അടുത്തിടെയുണ്ടായ ഏറ്റവും വലിയ ഇമി​ഗ്രേഷൻ അഴിമതിയാണെന്ന് പഞ്ചാബിന്റെ എൻ.ആർ.​ഐ മന്ത്രി കുലദീപ് സിങ് ധലിവാൽ പറഞ്ഞു. വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിദ്യാർഥികളുടെ തെരുവ് സമരം കനേഡിയൻ പാർലമെന്റിൽ എത്തി. ഈ വിദ്യാർഥികളെ നാടുകടത്തുമോ എന്ന് പാർലമെന്റിൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ചോദിച്ചു.

എന്നാൽ അഴിമതിക്കിരയായവരെ ശിക്ഷിക്കാനല്ല, അഴിമതിയിലെ പ്രതികളെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ കേസിൽ ഇരകൾക്ക് അവരുടെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കിയാൽ നടപടിയിൽ നിന്ന് രക്ഷപ്പെടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Indian Students In Canada Face Deportation Risk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.