ജക്കാർത്ത: ഇന്തോനേഷ്യയിലെ പ്രശസ്തമായ മൗണ്ട് സിനാബംഗ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. സുമാത്ര ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതം ഒരു വർഷത്തിലേറെയായി സുഷുപ്തിയിലായിരുന്നു. പർവ്വതത്തിൽ നിന്നും 5,000 മീറ്റർ വരെ ഉയരത്തിൽ വായുവിലേക്ക് ചാരവും പുകയും തെറിച്ചുകൊണ്ടിരിക്കുകയാണ്.
ഒരാഴ്ച്ചക്കിടെയുള്ള പർവ്വതത്തിലെ രണ്ടാമത്തെ പൊട്ടിത്തെറിയാണിത്. 30 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലേക്ക് വരെ ചാരം തെറിച്ചു വീണതായി റിപ്പോർട്ടുകളുണ്ട്. അതേസമയം നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
'ഇടിമിന്നൽ കണക്കെയായിരുന്നു ശബ്ദം.. മുപ്പത് സെക്കൻറുകളോളം അത് നിലനിന്നു... മൗണ്ട് സിനബംഗിനടുത്തുള്ള പ്രദേശത്ത് വസിക്കുന്ന റാച്റർ റോസി പാസി റോയിറ്റേഴ്സിനോട് പ്രതികരിച്ചു. അന്തരീക്ഷത്തിലുള്ള ചാരത്തിൽ നിന്നും രക്ഷനേടാൻ മാസ്ക് ധരിക്കാനും ലാവ പ്രവഹിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രദേശത്ത് വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഇനിയും പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളോട് ഒഴിഞ്ഞു പോകാനും നിർദ്ദേശം നൽകി. അതേസമയം രാജ്യത്ത് വിമാന സർവീസ് തുടരുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. മൗണ്ട് സിനബംഗ് അവസാനമായി പൊട്ടിത്തെറിച്ചത് കഴിഞ്ഞ വർഷം ജൂണിലാണ്. 2014ൽ അവിടെയുണ്ടായ പൊട്ടിത്തെറിയിൽ 16 പേരായിരുന്നു മരിച്ചത്. 2016ൽ ഏഴുപേർക്കും ജീവൻ നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.