തെഹ്റാൻ: സൗദി അറേബ്യയെ കൂടി ഉൾപ്പെടുത്തി ലോകശക്തികളുമായി ആണവ കരാർ ചർച്ച ചെയ്യണമെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ആവശ്യം തള്ളി ഇറാൻ. പുതിയ ചർച്ചകളോ പങ്കെടുക്കുന്നവരിലെ മാറ്റങ്ങളോ സാധ്യമല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖാതിബദെ അറിയിച്ചു.
ബഹുരാഷ്ട്ര അന്താരാഷ്ട്ര കരാറായ ന്യൂക്ലിയർ കരാർ ഐക്യരാഷ്ട്ര സുരക്ഷാസമിതി അംഗീകരിച്ചതാണ്. അത്തരത്തിലുള്ള കരാർ വിലപേശാനാവാത്തതും അതിലെ കക്ഷികൾ വ്യക്തവും മാറ്റാൻ കഴിയാത്തതുമാണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
2015ൽ ലോകരാഷ്ട്രങ്ങളുമായി ഇറാൻ ആണവ കരാറിൽ ഒപ്പുവെച്ചതിനെ തുടർന്ന് പിൻവലിച്ച യു.എൻ ഉപരോധങ്ങൾ 2018ൽ അമേരിക്ക സ്വയം പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് 20 ശതമാനമായി ഉയർത്താൻ ഇറാൻ തീരുമാനിക്കുകയും ചെയ്തു. അതിനിടെ, ആണവകരാർ വീണ്ടും നടപ്പാക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
യു.എന്നിനെയും രക്ഷാസമിതിയെയും കൂട്ടുപിടിച്ച് ഉപരോധം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ലോകതലത്തിൽ ഒറ്റപ്പെടുകയും ചെയ്തതോടെയാണ് അമേരിക്ക ഒറ്റക്ക് ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധങ്ങൾ ലംഘിക്കുന്ന യു.എൻ. അംഗരാജ്യങ്ങൾ ശിക്ഷാനടപടികൾ ഏറ്റുവാേങ്ങണ്ടി വരുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, അമേരിക്കൻ നടപടിയെ സഖ്യകക്ഷികളായ ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി അടക്കമുള്ള ലോക രാജ്യങ്ങൾ എതിർത്തു.
ഇറാനെതിരെ ഉപരോധങ്ങൾ തിരികെ കൊണ്ടു വരാനുള്ള അവകാശമായ സ്നാപ്പ്ബാക്ക് ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി രക്ഷാസമിതിക്ക് അേമരിക്ക കത്ത് നൽകിയിരുന്നു. എന്നാൽ, 2015ൽ ഒപ്പുവെച്ച ആണവ കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനാൽ 'സ്നാപ്പ് ബാക്ക്' ഉപയോഗിക്കാനുള്ള അവകാശമില്ലെന്ന് രക്ഷാസമിതി സ്ഥിരാംഗങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം കരാറിെൻറ ഭാഗമായ ജർമനിയും വ്യക്തമാക്കിയിരുന്നു.
നിയമപരമായ അവകാശമില്ലാത്തതിനാൽ അമേരിക്കയുടെ കത്ത് രക്ഷാസമിതി പരിഗണിച്ചുമില്ല. ഒക്ടോബർ 18ന് അവസാനിക്കുന്ന ഇറാനെതിരായ ആയുധ ഉപരോധം നീട്ടാനുള്ള അമേരിക്കൻ ശ്രമം പരാജയപ്പെട്ടതാണ് സ്നാപ്പ് ബാക്ക് ഉപയോഗിക്കാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.