ഭരണാനുകൂല ഗാനം ആലപിക്കാത്തതിന് സുരക്ഷാ സേനയുടെ മർദനം; ഇറാനിൽ വിദ്യാർഥിനി മരിച്ചു

ടെഹ്റാൻ: ഇറാനിലെ സ്‌കൂളിൽ നടത്തിയ റെയ്ഡിനിടെ സുരക്ഷാ സേനയുടെ മർദനമേറ്റ സ്കൂൾ വിദ്യാർഥിനി കൊല്ലപ്പെട്ടു. അസ്ര പനാഹി എന്ന 15 കാരിയാണ് മരിച്ചത്. ഒക്‌ടോബർ 13-ന് അർദാബിലിലെ ഷഹെദ് ഗേൾസ് ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ കുട്ടികൾ ഭരണാനുകൂല ഗാനം ആലപിക്കണമെന്ന് സുരക്ഷാ സേന ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർഥികൾ വിസമ്മതിച്ചതോടെ സൈനികർ വിദ്യാർഥികളെ മർദിക്കാൻ തുടങ്ങിയെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അതോടെ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചു. സൈനികരുടെ അടിയേറ്റ് ഗുരുതര പരിക്കേറ്റ അസ്ര പനാഹി ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് ടീച്ചേഴ്‌സ് സിൻഡിക്കേറ്റ് ഏകോപന സമിതിയുടെ പ്രസ്താവനയിൽ പറയുന്നു.

കൗമാരക്കാരിയുടെ മരണത്തിന് ഉത്തരവാദി രാജ്യത്തിന്റെ സുരക്ഷാ സേനയാണെന്നത് ഇറാനിയൻ അധികൃതർ നിഷേധിച്ചു. പനാഹിയുടെ അമ്മാവൻ എന്ന് അവകാശപ്പെടുന്ന ഒരാൾ, അവൾ ജന്മനായുള്ള ഹൃദയസംബന്ധമായ അസുഖം മൂലമാണ് മരിച്ചതെന്ന് അവകാശപ്പെട്ട് സ്റ്റേറ്റ് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതായി ദി ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു.

സ്കൂളിലുണ്ടായ ക്രൂരവും മനുഷ്യത്വരഹിതവുമായ റെയ്ഡുകളെ അപലപിച്ച് കുട്ടിയുടെ മരണശേഷം ടീച്ചേഴ്‌സ് യൂണിയൻ പ്രസ്താവന ഇറക്കുകയും ഇറാന്റെ വിദ്യാഭ്യാസ മന്ത്രി യൂസഫ് നൂറിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.

റെയ്ഡിനിടെയുണ്ടായ ആക്രമണത്തിൽ ഏഴ് വിദ്യാർഥികൾക്ക് പരിക്കേറ്റതായും 10 പേർ അറസ്റ്റിലായതായും ബി.ബി.സി അറിയിച്ചു.

പലതരത്തിലുണ്ടായ ആക്രമണങ്ങളിൽ ഏഴ് പ്രവിശ്യകളിലായി 23 കുട്ടികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടെന്ന് മനുഷ്യാവകാശ ഓഫീസ് വക്താവ് രവിന ഷംദസാനി പറഞ്ഞു.

സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന രാജ്യത്തെ കർശന നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്‌സ അമിനി കഴിഞ്ഞ മാസം കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നാണ് ഇറാനിൽ പ്രതിഷേധം ആരംഭിച്ചത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ സ്ത്രീകൾ ശിരോവസ്ത്രം വായുവിൽ വീശുന്നതും മുദ്രാവാക്യം വിളിക്കുന്നതും കാണാം. ഇറാനിലെ സ്ത്രീകൾക്ക് പിന്തുണയുമായി നിരവധി സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Iran Schoolgirl Beaten By Security Forces For Refusing To Sing Pro-Regime Anthem, Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.