തെൽ അവീവ്: ഇസ്രായേലിന് നേരെ യെമനിൽ നിന്നും മിസൈൽ ആക്രമണം. വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇസ്രായേൽ എയർ ഡിഫൻസ് സിസ്റ്റം മിസൈൽ ആക്രമണത്തെ പ്രതിരോധിച്ചുവെന്നും പ്രതിരോധസേന അവകാശപ്പെട്ടു. മിസൈൽ ആക്രമണത്തെ തുടർന്ന് തലസ്ഥാനമായ തെൽ അവീവിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു.
അതേസമയം, രാജ്യത്തിന്റെ അതിർത്തിക്ക് പുറത്ത് തന്നെ മിസൈലിനെ പ്രതിരോധിച്ചുവെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. മിസൈൽ നിർവീര്യമാക്കുന്നതിനിടെ അതിന്റെ അവശിഷ്ടങ്ങൾ വീണ് 17കാരിക്ക് നിസാര പരിക്കേറ്റുവെന്നും ഇസ്രായേൽ പ്രതിരോധസേന വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ആക്രമണത്തിന് പിന്നിൽ യെമനിൽ നിന്നുള്ള ഹൂതികളാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണം വക്താവ് നടത്തുമെന്നാണ് ഹൂതികൾ അറിയിക്കുന്നത്.
മുതിർന്ന ഹിസ്ബുല്ല നേതാവിനെ കൊലപ്പെടുത്തിയതിന്റെ മറുപടിയായാണ് ഹൂതികളുടെ ആക്രമണം വിലയിരുത്തുന്നത്. ഹൂതികൾക്ക് പരിശീലനം നൽകുന്നതിൽ ഉൾപ്പടെ ഹിസ്ബുല്ല വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ഇസ്രായേൽ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.