ഗസ്സ പോലെ ദുരന്തം വിതക്കുമെന്ന ഇസ്രായേൽ ഭീഷണിയിൽ ലബനാൻ

ജറൂസലം: ഹിസ്ബുല്ല കീഴടങ്ങാൻ തയാറായില്ലെങ്കിൽ ഗസ്സയെപ്പോലെ ദുരന്തം വിതക്കുമെന്ന ഇസ്രായേൽ ഭീഷണിയിൽ ലബനാൻ. ഈ ആഴ്ച മാത്രം 700ഓളം പേർക്കാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. രണ്ട് ലക്ഷത്തിലേറെ മനുഷ്യർ ഇതിനകം പലായനം ചെയ്തെന്നാണ് കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയുടെ കണക്ക്. വെള്ളിയാഴ്ചയും ഇസ്രായേലും ഹിസ്ബുല്ലയും ഏറ്റുമുട്ടൽ തുടർന്നു.

അതിർത്തിയിലെ ലബനാൻ പട്ടണമായ ശബ്ആയിൽ ഇസ്രായേൽ സേനയുടെ ബോംബ് വർഷത്തിൽ കുടുംബത്തിലെ ഒമ്പതുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു ആക്രമണമെന്നും ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ഹിസ്ബുല്ല നാല് ഡ്രോണുകൾ പറത്തിയതായും എല്ലാം വെടിവെച്ചിട്ടതായും ഇസ്രായേൽ സേന അറിയിച്ചു. 10 മിസൈലുകളിൽ പലതും തകർത്തതായും ചിലത് ഒഴിഞ്ഞ സ്ഥലങ്ങളിൽ വീണതായും അവർ വ്യക്തമാക്കി. അതേസമയം, ഇസ്രായേലിലെ തിബരിയാസ് നഗരം ലക്ഷ്യമിട്ടാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു.

അതിനിടെ, ലബനാൻ അതിർത്തിയിലുള്ള സിറിയയിലെ കഫാർ യാബൂസിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ബോംബിങ്ങിൽ അഞ്ച് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റതായും സിറിയൻ ഔദ്യോഗിക മാധ്യമമായ സന റിപ്പോർട്ട് ചെയ്തു.

സംഭവത്തെക്കുറിച്ച് ഇസ്രായേൽ സേന പ്രതികരിച്ചിട്ടില്ല. സിറിയൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ ഇടക്കിടെ ആക്രമണം നടത്താറുള്ള ഇസ്രായേൽ ഇക്കാര്യം സമ്മതിക്കാറില്ല. ലബനാനിൽനിന്ന് പലായനം ചെയ്ത പതിനായിരക്കണക്കിന് പേർ അഭയം തേടിയിരിക്കുന്നത് സിറിയൻ അതിർത്തിയിലാണ്..

ഒരു വർഷത്തോളമായി ഗസ്സയിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വരുമാനം നഷ്ടപ്പെട്ട രണ്ടുലക്ഷം ഫലസ്തീൻ തൊഴിലാളികൾക്ക് ഇസ്രായേൽ നഷ്ടപരിഹാരം നൽകണമെന്ന് അന്താരാഷ്ട്ര തൊഴിലാളി യൂനിയനുകൾ. ഇതു സംബന്ധിച്ച് ഒമ്പത് തൊഴിലാളി യൂനിയനുകൾ ചേർന്ന് യു.എൻ തൊഴിലാളി സംഘടനക്ക് പരാതി നൽകി. ആക്രമണ ശേഷം ഗസ്സയിൽനിന്നും വെസ്റ്റ് ബാങ്കിൽനിന്നുമുള്ളവരെ ഇസ്രായേലിൽ ജോലി ചെയ്യുന്നത് തടഞ്ഞതായും ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് ഡോളറിന്റെ വരുമാനനഷ്ടം ഫലസ്തീൻ കുടുംബങ്ങൾക്കുണ്ടായെന്നും യൂനിയനുകൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Lebanon fears Gaza-like devastation as Israel ramps up airstrikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.