ഈ ഭ്രാന്ത് ഇനിയും തുടരാനാവില്ല; ഒരു ഫലസ്തീനിയും ഗസ്സ വിടില്ല -മഹ്മൂദ് അബ്ബാസ്

ഗസ്സ: ഒരു ഫലസ്തീനിയും ഗസ്സ വിടില്ലെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലാണ് അബ്ബാസ് ഇക്കാര്യം പറഞ്ഞത്.

ഫലസ്തീൻ ഞങ്ങളുടെ മാതൃരാജ്യമാണ്. ഞങ്ങളുടെ പിതാക്കൻമാരുടേയും അവരുടെ പിതാക്കൻമാരുടേയുമാണ് ഫലസ്തീൻ. അത് ഞങ്ങളുടേതായി തന്നെ തുടരും. ആരെങ്കിലും രാജ്യം വിട്ടാൽ അധിനിവേശ കൊള്ളക്കാരായിരിക്കും അവിടേക്ക് എത്തുക. ഈ ഭ്രാന്ത് ഇനിയും തുടരാനാവില്ല. ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിക്കുന്നതിന് ലോകം മുഴുവൻ ഉത്തരവാദിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിൽ അഭയാർഥികൾ താമസിച്ചിരുന്ന സ്കൂളിന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം. ജബലിയയിലെ സ്കൂളിന് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. 15 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

മരിച്ചവരിൽ കൂടുതൽ പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ് മെഡിക്കൽ സംഘം നൽകുന്ന വിവരം. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടേയും ആരോഗ്യനില ഗുരുതരമാണ്. ജബാലിയ അഭയാർഥി ക്യാമ്പിന്റെ ഭാഗമായ അൽ-ഫാലൗജ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ​ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി ഉയർന്നിട്ടുണ്ട്. അൽ അഖ്സ ആശുപത്രിയിലും ഇസ്രായേൽ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയെന്ന് ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ ഗസ്സയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

2023 ഒക്ടോബർ ഏഴിന് ഗസ്സയിൽ തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 41,534 പേർ മരിച്ചിട്ടുണ്ട്. 96,092 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്

Tags:    
News Summary - ‘This madness cannot continue’ – Palestine president urges world to end war in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.