തെഹ്റാൻ: യു.എൻ ആണവോർജ ഏജൻസിയായ ഐ.എ.ഇ.എയുടെ പ്രമേയത്തിന് മറുപടിയായി യൂറേനിയം സമ്പുഷ്ടീകരണം വേഗത്തിലാക്കാൻ പുതിയതും നൂതനവുമായ സെൻട്രിഫ്യൂജുകളും യന്ത്രങ്ങളും പ്രവർത്തിപ്പിക്കുമെന്ന് ഇറാൻ. ഇതുസംബന്ധിച്ച് ആണവ പദ്ധതി തലവൻ മുഹമ്മദ് ഇസ്ലാമി ഉത്തരവിട്ടതായും ഐ.എ.ഇ.എ പ്രമേയത്തെ അപലപിച്ചുകൊണ്ട് ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ആണവോർജ ഓഗനൈസേഷനും പറഞ്ഞു.
അതേസമയം, മുമ്പത്തെ പോലെ കരാർ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് ഐ.എ.ഇ.എയുമായി സാങ്കേതികവും സുരക്ഷിതവുമായ സഹകരണം തുടരുമെന്നും സംയുക്ത പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കി. 2020 നുശേഷം നാലാം തവണയും ഇറാനെതിരെ പ്രമേയം പാസാക്കിയ യൂറോപ്യൻ രാജ്യങ്ങളുടെ നീക്കം ആണവോർജ ചർച്ചകൾ കൂടുതൽ സങ്കീർണമാക്കുമെന്ന് അറാഗ്ചി വിമർശിച്ചു.
യു.എസ് പിന്തുണയോടെ ഫ്രാൻസും ജർമനിയും ബ്രിട്ടനും ചേർന്നാണ് ഐ.എ.ഇ.എയിൽ ഇറാനെതിരെ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ ജൂണിലും സമാനമായ പ്രമേയം പാസാക്കിയിരുന്നു. ആണവായുധ നിർമാണത്തിനാവശ്യമായ യുറേനിയത്തിന്റെ ശേഖരം ഇറാനുണ്ടെന്നുള്ള ഐ.എ.ഇ.എയുടെ രഹസ്യ റിപ്പോർട്ടിനു പിന്നാലെയാണ് പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.