തെഹ്റാൻ: ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന സൂചന നൽകി ഇറാൻ. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ റഡാർ കേന്ദ്രങ്ങൾക്ക് തകരാർ സംഭവിച്ചു. അതിൽ പലതും കഴിഞ്ഞ ദിവസം തന്നെ ശരിയാക്കിയെന്നും ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ ഇറാനെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചുവെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. ഇനിയും ഇറാൻ ആക്രമണം നടത്തുകയാണെങ്കിൽ തിരിച്ചടിക്കാൻ ഇസ്രായേൽ നിർബന്ധിതമാവുമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ശനിയാഴ്ച ആക്രമണം നടത്തിയിരുന്നു. പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തോടെ മേഖലയിലെ സംഘർഷം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഗസ്സയിലും ലബനാനിലും സംഘർഷം അവസാനിപ്പിക്കാൻ യു.എസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടത്. മറ്റൊന്നിനേയും അവർ ആക്രമിച്ചില്ല. ഇതോടെ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം കാരണം വഴിമുട്ടിയ ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ വീണ്ടും തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും ബൈഡൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.