1980കളിൽ ഇറാൻ-ഇറാഖ് യുദ്ധം കൊടുമ്പിരിക്കൊണ്ട സമയം. പരിക്കേറ്റ ഇറാൻ സൈനികരെ ശുശ്രൂഷിക്കാനും മറ്റുമായി യുദ്ധമുഖത്ത് ഓടിനടന്ന ഒരു യുവ ഡോക്ടറെക്കുറിച്ച് അന്ന് പല മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു. ഡോക്ടർ എന്ന ജോലി ഒരു രാഷ്ട്രീയ ദൗത്യമായി കണ്ട ആ യുവാവ് നാല് പതിറ്റാണ്ടിനിപ്പുറം ആ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിൽ അവരോധിതനായിരിക്കുകയാണ്. പേര്: മസ്ഊദ് പെസശ്കിയാൻ. 2008 മുതൽ ഇറാൻ പാർലമെന്റ് അംഗമായ മസ്ഊദിന്റെ അധികാര ലബ്ധി ഇറാനിലും അതുവഴി പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും എന്തെല്ലാം മാറ്റങ്ങളായിരിക്കും കൊണ്ടുവരിക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ഇറാൻ രാഷ്ട്രീയത്തിലെ ‘പരിഷ്കരണവാദി’കളുടെ ഗണത്തിലാണ് രാഷ്ട്രീയ പണ്ഡിറ്റുകൾ പെസശ്കിയാനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 1997-2005 കാലത്ത് ഇറാൻ പ്രസിഡന്റായിരുന്ന മുഹമ്മദ് ഖാതമിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവെന്നതിനാലാകാം ഈ വിശേഷണം. ഒരു മെഡിക്കൽ ഡോക്ടർ എന്ന നിലയിൽ പെസശ്കിയാന്റെ രാഷ്ട്ര പ്രതിബദ്ധത ബോധ്യപ്പെട്ട ഖാതമിയാണ് അദ്ദേഹത്തെ ഇറാൻ ഭരണകൂടത്തിന്റെ ഭാഗമാക്കുന്നത്. 97ൽ ആരോഗ്യ സഹമന്ത്രിയായിട്ടായിരുന്നു തുടക്കം. 2001ൽ, വകുപ്പിന്റെ പൂർണ ചുമതല ഖാതമി പെസശ്കിയാനെ ഏൽപിച്ചു. അതോടെ, ആ രാജ്യത്തിന്റെ ആരോഗ്യ മേഖലയിൽ മാറ്റങ്ങളുടെ കാലമായി. യുദ്ധം, ഉപരോധം, സാമ്പത്തിക പ്രതിസന്ധി, ആഭ്യന്തര സൗകര്യങ്ങളുടെ അപര്യാപ്തത, സാങ്കേതികവിദ്യ മേഖലയിലെ തളർച്ച തുടങ്ങി പലകാരണങ്ങളാൽ നിശ്ചലമായിരുന്നു ഇറാന്റെ ആരോഗ്യമേഖല. ആശുപത്രികൾ നിശ്ചലമായ കാലമെന്ന് പറയാം. തീർത്തും പ്രായോഗികമായ ആലോചനകളിലൂടെ ആ പരിമതികളെയെല്ലാം കുറഞ്ഞകാലം കൊണ്ട് പെസശ്കിയാൻ അതിജയിച്ചു. പതിയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും ഉയർന്നു. അതുകൊണ്ടുതന്നെ, തെഹ്റാനിലെയും ഇസ്ഫഹാനിലെയുമെല്ലാം മെഡിക്കൽ യൂനിവേഴ്സിറ്റികളുടെ ചുമരിൽ ഇറാനിയൻ നേതാക്കൾക്കൊപ്പം പെസശ്കിയാന്റെയും ചിത്രം കാണാം.
നിലനിൽക്കുന്ന പരിമിതികൾ മനസ്സിലാക്കിക്കൊണ്ട് പ്രായോഗികവും മധ്യമവുമായ നിലപാട് സ്വീകരിച്ചതാണ് പെസശ്കിയാനെ വ്യത്യസ്തനാക്കുന്നത്. അതേ നിലപാടിൽ പ്രസിഡന്റ് പദവി വഹിച്ചാൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ അദ്ദേഹത്തിനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു വ്യാഴവട്ടക്കാലമായി അദ്ദേഹം പാർലമെന്റിനകത്തും പുറത്തും നടത്തിയ ഇടപെടലുകൾ അതിനെ സാധൂകരിക്കുന്നുണ്ട്. 2018ൽ, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെയും മറ്റും പശ്ചാത്തലത്തിലുണ്ടായ ജനകീയ പ്രക്ഷോഭകാലത്ത് അദ്ദേഹം സമരക്കാർക്കൊപ്പം നിലയുറപ്പിച്ചു. 2022ൽ, മഹ്സ അമീനി വിവാദ കാലത്തും അദ്ദേഹം സമരക്കാർക്കൊപ്പം തന്നെയായിരുന്നു. എന്നാൽ, ഈ രണ്ട് സന്ദർഭത്തിലും ഇറാന്റെ ഭരണനേതൃത്വത്തെയും ഭരണകൂട വ്യവസ്ഥയെയും വെല്ലുവിളിച്ചില്ല. രാജ്യത്തെ ആത്മീയ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടുതന്നെ മാറ്റങ്ങൾ സാധ്യമാണെന്ന ഈ നിലപാടുകൾക്കുള്ള സ്വീകാര്യതകൂടിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. ഈ സമീപനത്തിലൂടെ ആണവ കരാറടക്കമുള്ള വിഷയങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളുമായി തീർപ്പിലെത്താൻ അദ്ദേഹത്തിന് കഴിയുമെന്നുതന്നെ കരുതണം. രാജ്യത്തെ ഭാഷാ, സാംസ്കാരിക ന്യൂനപക്ഷങ്ങളുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചതും ശ്രദ്ധേയമാണ്.
1954 സെപ്റ്റംബർ 29 ന് പശ്ചിമ അസർബൈജാൻ പ്രവിശ്യയിലെ മഹാബാദിൽ ജനനം. പിതാവ് ഖസ്റെ ഷിറിനിൽനിന്നുള്ള ശിയാ വിഭാഗക്കാരനും മാതാവ് കുർദിശ് വംശജയവുമാണ്. അസർബൈജാനി, കുർദിശ്, പേർഷ്യൻ ഭാഷകൾ പെസശ്കിയാൻ നന്നായി കൈകാര്യം ചെയ്യും. ജനറൽ മെഡിസിനിൽ ബിരുദം നേടിയശേഷമാണ് സൈനിക സേവനം അനുഷ്ഠിച്ചത്. പിന്നീട്, ഹൃദ്രോഗ വിഭാഗത്തിൽ ബിരുദാനന്തര പഠനം നടത്തി. കാർഡിയാക് സർജനായും പേരെടുത്തു. ഒപ്പം, മെഡിക്കൽ ഗവേഷണവും നടത്തി. ഗൈനക്കോളജിസ്റ്റായിരുന്നു പസഷ്കിയാന്റെ ഭാര്യ. 30 വർഷം മുമ്പ് ഇവരും നാല് മക്കളിൽ ഒരാളും കാറപകടത്തിൽ മരണപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.