ബഗ്ദാദ്: ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം കുറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിയമപരമായി വിവാഹിതയാവാനുള്ള പ്രായം 18ൽനിന്ന് ഒമ്പതാക്കി കുറക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനുവേണ്ടി ഇറാഖ് പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് നിതിന്യായ മന്ത്രാലയം. ബിൽ പാസായാൽ പെൺകുട്ടികൾക്ക് ഒമ്പത് വയസ്സിലും ആൺകുട്ടികൾക്ക് 15 വയസ്സിലും വിവാഹം കഴിക്കാം. ജൂലൈ അവസാനം പാർലമെന്റിൽ അവതരിപ്പിക്കാനിരുന്ന ബിൽ എതിർപ്പുകളെ തുടർന്ന് പിൻവലിക്കുകയായിരുന്നു. തുടർന്ന് ഷിയ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചതോടെയാണ് വീണ്ടും ആഗസ്റ്റ് നാലിന് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.
വിവാഹ കാര്യങ്ങളിൽ മതനിയമങ്ങളോ കോടതി നിയമങ്ങളോ തിരഞ്ഞെടുക്കാൻ പൗരന്മാർക്ക് ബിൽ അനുവാദം നൽകുന്നുണ്ട്. മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും പൗരാവകാശ പ്രവർത്തകരും ബില്ലിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. നടപടി രാജ്യത്ത് ശൈശവ വിവാഹവും ചൂഷണവും വർധിപ്പിക്കുമെന്നാണ് ബില്ലിനെതിരായ പ്രധാന വിമർശനം. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ബിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. യുനിസെഫിന്റെ കണക്ക് പ്രകാരം രാജ്യത്തെ 28 ശതമാനം പെൺകുട്ടികളും 18 വയസ്സിൽ താഴെയാണ് വിവാഹിതരാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.