ഗസ്സ സിറ്റി: ഉപരോധം മൂന്നാം ആഴ്ചയിലേക്ക് കടന്ന വടക്കൻ ഗസ്സയിൽ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ. ബൈത് ലാഹിയയിൽ ശനിയാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ 87 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവരും കാണാതായവരുമായി 100ലേറെ പേരുണ്ട്. ഇവിടെ ഒരു ബഹുനില കെട്ടിടത്തിലും പരിസരങ്ങളിലെ നിരവധി വീടുകളിലും കൂട്ടമായി ബോംബുവർഷിച്ചാണ് സമീപനാളുകളിലെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തിയത്.
പട്ടണത്തിന്റെ പടിഞ്ഞാറൻ മേഖല ഒന്നാകെ തകർത്താണ് ശനിയാഴ്ച ബോംബറുകൾ എത്തിയത്. മുന്നറിയിപ്പില്ലാതെയായതിനാൽ ആളുകൾക്ക് പുറത്തുകടക്കാനാവും മുമ്പ് കെട്ടിടങ്ങൾ ഒന്നാകെ നിലംപൊത്തിയത് ആളപായം കൂട്ടി. നിരവധി പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ തിരച്ചിൽ നടത്താൻ സംവിധാനങ്ങളില്ലാത്തതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ബൈത് ലാഹിയയിൽതന്നെ ഇന്തോനേഷ്യൻ ഹോസ്പിറ്റലിലും ശനിയാഴ്ച ഇസ്രായേൽ കനത്ത ആക്രമണം നടത്തി. 40ഓളം രോഗികളും മെഡിക്കൽ ജീവനക്കാരുമുള്ള ആശുപത്രിയിലേക്ക് വൈദ്യുതിയും ജലവും മറ്റ് അവശ്യ സേവനങ്ങളും മുടക്കിയ ഇസ്രായേൽ പീരങ്കിപ്പട ആശുപത്രിക്ക് ഉപരോധമേർപ്പെടുത്തിയിരിക്കുകയാണ്. വടക്കൻ ഗസ്സയിൽ ജബാലിയ അഭയാർഥി ക്യാമ്പിനു നേരെ ഉപരോധം 17 ദിവസം കഴിഞ്ഞും തുടരുകയാണ്.
അതിനിടെ, യഹ്യ സിൻവാർ കൊല്ലപ്പെട്ടതിന് പിന്നാലെ തെക്കൻ ഗസ്സ ഹമാസ് ഇനി ഭരിക്കില്ലെന്നും ബന്ദികളെ കൈമാറി ആയുധം താഴെവെച്ചാൽ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുമെന്നുമുള്ള ലഘുലേഖകൾ വിമാനങ്ങൾ വഴി വിതരണം ചെയ്യുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഞായറാഴ്ച ഗസ്സ സിറ്റിയിൽ അൽശാത്വി അഭയാർഥി ക്യാമ്പിലെ അസ്മ സ്കൂൾ ബോംബിട്ട് തകർത്ത് ഏഴുപേരെ ഇസ്രായേൽ വധിച്ചു. യു.എൻ അഭയാർഥി ക്യാമ്പായി ഉപയോഗിച്ചുവന്ന സ്കൂളാണ് തകർത്തത്. ഇതുൾപ്പെടെ വിവിധ ആക്രമണങ്ങളിൽ ഞായറാഴ്ച 21 പേർ കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരണസംഖ്യ 42,603 ആയി.
അതേസമയം, ലബനാനിലെ ആക്രമണത്തിന് മറുപടിയായി ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ ഒരാൾ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.