ഗസ്സ സിറ്റി: അടിയന്തര ചികിത്സക്ക് ഗസ്സയിൽനിന്ന് പുറത്തുപോകാൻ ഇസ്രായേലിന്റെ അനുമതി കാത്ത് കഴിയുന്നത് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ. അർബുദം അടക്കമുള്ള മാരക രോഗങ്ങൾ പിടിപെട്ട കുട്ടികളിൽ പലരും മാസങ്ങൾ നീണ്ട കാത്തിരിപ്പിനിടെ മരിക്കുകയാണ്. വേദന കടിച്ചമർത്തി കഴിയുന്ന പിഞ്ചുകുട്ടികളുടെ അപേക്ഷകൾ കാരണമില്ലാതെ ഇസ്രായേൽ അധികൃതർ തള്ളുകയാണെന്നും അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി തയാറാക്കിയ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. അധിനിവേശസേനയുടെ 15 മാസങ്ങൾ നീണ്ട കണ്ണിൽ ചോരയില്ലാത്ത ആക്രമണത്തിൽ ഗസ്സയിലെ ആശുപത്രികളിൽ ഭൂരിഭാഗവും തകർന്നതോടെയാണ് കുഞ്ഞുങ്ങളുടെ ചികിത്സ മുടങ്ങിയത്. അടിയന്തര ചികിത്സ ആവശ്യമുള്ള 2500 ഓളം കുട്ടികൾ ഗസ്സയിലുണ്ടെന്നാണ് യുനിസെഫിന്റെ കണക്ക്. ഇനിയും കാത്തിരിക്കാൻ ഈ കുഞ്ഞുങ്ങൾക്ക് കഴിയില്ലെന്നും മരിച്ചുപോകുമെന്നും യുനിസെഫ് ഉദ്യോഗസ്ഥ റൊസല്ല ബൊലെൻ ആശങ്ക പ്രകടിപ്പിച്ചു. ചികിത്സ നൽകാതെ കുഞ്ഞുങ്ങളെ ലോകം കൊല്ലുന്നത് ഞെട്ടിക്കുന്നതാണെന്നും അവർ വ്യക്തമാക്കി.
രക്താർബുദവും പോഷകാഹാരക്കുറവും കാരണം മധ്യ ഗസ്സയിലെ ആശുപത്രിയിൽ മാസങ്ങളോളം വേദനകൊണ്ട് പുളഞ്ഞ 12 കാരനായ ഇസ്ലാം അൽ റയ്ഹാൻ ഒക്ടോബറിലാണ് മരണത്തിന് കീഴടങ്ങിയത്. റയ്ഹാനെ ചികിത്സക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ ആറ് തവണയും ഇസ്രായേൽ നിരസിക്കുകയായിരുന്നു. വിശദീകരിക്കാത്ത സുരക്ഷ കാരണമാണ് സേന പറഞ്ഞതെന്ന് ബൊലെൻ കൂട്ടിച്ചേർത്തു.
മാനദണ്ഡമോ യുക്തിയോ നിരത്തിയല്ല, മറിച്ച് ഏകപക്ഷീയമായാണ് ഇസ്രായേൽ തീരുമാനമെടുക്കുന്നതെന്ന് ഡോക്ടേസ് വിതൗട്ട് ബോർഡേർസ് സംഘടനയുടെ ജോർദാൻ ഡയറക്ടർ മൊയീൻ മഹമൂദ് പറഞ്ഞു.
വ്യത്യസ്ത പ്രായത്തിലുള്ള 14,000 രോഗികൾ ചികിത്സക്കുവേണ്ടി ഗസ്സക്ക് പുറത്തുപോകാൻ കാത്തിരിക്കുന്നതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 22,000 പേർക്ക് അടിയന്തര ചികിത്സ വേണം. ഇതിൽ 7000 പേർ അത്യാസന്ന നിലയിലാണെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ മുഹമ്മദ് അബു സൽമയ അറിയിച്ചു.
തുടർച്ചയായ വ്യോമാക്രമണത്തിൽ ഗസ്സയുടെ ആരോഗ്യ സംവിധാനം നശിച്ചിരിക്കുകയാണ്. പ്രദേശത്തെ 36 ആശുപത്രികളിൽ 17 എണ്ണം മാത്രമേ നിലവിൽ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നുള്ളൂ. നിരവധി സ്പെഷലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും കൊല്ലപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. ആക്രമണത്തിന്റെ തുടക്കത്തിൽതന്നെ ഗസ്സയിലെ കാൻസർ ആശുപത്രി ഇസ്രായേൽ സേന പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.