ഗസ്സ സിറ്റി: റഫയിൽ സുരക്ഷിതമെന്ന് നിശ്ചയിച്ച കേന്ദ്രങ്ങളിലെ തമ്പുകളിൽ ബോംബുവർഷം തുടർന്ന് ഇസ്രായേൽ സേന. ഏറ്റവുമൊടുവിലെ ആക്രമണത്തിൽ 13 സ്ത്രീകളും പെൺകുട്ടികളുമടക്കം 21 പേർ കൊല്ലപ്പെട്ടു. മറ്റൊരു ആക്രമണത്തിൽ റഫയിലെ താമസ കെട്ടിടം തകർത്തു.
ഇവിടെയടക്കം 15 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. റഫയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായി കൂടുതൽ ടാങ്കുകൾ എത്തിയതിനിടെയാണ് നിർത്താതെ കൂട്ടക്കൊല. ഗസ്സയിലെ ആക്രമണം വർഷം മുഴുവൻ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം, ഗസ്സയിലേക്ക് സഹായം എത്തിയിരുന്ന പ്രധാന അതിർത്തിയായ റഫ അടച്ചുപൂട്ടിയിട്ട് ദിവസങ്ങൾ. അടിയന്തര മരുന്നുകളും ഭക്ഷ്യവസ്തുക്കളും മുടക്കിയാണ് റഫ അതിർത്തി അടച്ചിടൽ ഇസ്രായേൽ സേന തുടരുന്നത്. ഗസ്സയെയും ഈജിപ്തിനെയും വേർതിരിക്കുന്ന ഇടനാഴിയുടെ 75 ശതമാനവും നിലവിൽ ഇസ്രായേൽ നിയന്ത്രണത്തിലാക്കിയ നിലയിലാണ്.
ഈജിപ്ത് സർക്കാറും മറുവശത്ത് ഗസ്സ ഭരണം നയിച്ച ഹമാസും നിയന്ത്രിച്ച ഭൂമിയാണ് ഇസ്രായേൽ കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചടക്കിയത്. ഇതേ തുടർന്ന് ചരക്കുകടത്ത് മുടങ്ങിയത് ഗസ്സയെ കടുത്ത ഭക്ഷ്യക്ഷാമത്തിലാക്കിയിട്ടുണ്ട്. റഫയിൽ മരുന്നും ചികിത്സയും ലഭ്യമാക്കുന്ന എല്ലാ കേന്ദ്രങ്ങളും തകർക്കുക കൂടി ചെയ്തത് ദുരിതം ഇരട്ടിയാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഗസ്സയിലുടനീളം ആക്രമണം തുടരുന്ന ഇസ്രായേൽ മധ്യ ഗസ്സയിലെ ദെയ്ർ അൽബലഹിൽ ഒരു ഫലസ്തീനിയെ വധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.