ഗസ്സ: കൊന്നൊടുക്കിയിട്ടും ക്രൂരത മതിയാക്കാതെ ഇസ്രായേൽ സേന. ഗസ്സയിൽ തങ്ങൾ കൊലപ്പെടുത്തിയവരെ കൂട്ടത്തോടെ ഖബറടക്കിയ താൽക്കാലിക ഖബർസ്ഥാനുനേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഖബറുകൾ തകർന്ന് മൃതദേഹങ്ങൾ പരിസരങ്ങളിൽ ചിന്നിച്ചിതറി.
വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലാണ് സംഭവം. ഇവിടെ നേരത്തെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അഭയാർഥി ക്യാമ്പിലെ ബ്ലോക്ക് ടു ഏരിയയിൽ താൽക്കാലിക ഖബർസ്ഥാൻ ഒരുക്കിയാണ് കൂട്ടത്തോടെ മറവ് ചെയ്തത്. ഈ ഭാഗത്താണ് ഇന്നലെ ഇസ്രായേൽ ബോംബർ വിമാനങ്ങൾ വൻആക്രമണം നടത്തിയത്. ശ്മശാനത്തിന് ചുറ്റും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി സംഭവസ്ഥലം സന്ദർശിച്ച ‘അൽ ജസീറ’ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.
“ഞാൻ ഖബറടക്കിയ എനിക്ക് അറിയാവുന്ന ആളുകളുടെ മയ്യിത്തുകളടക്കം ചിന്നിച്ചിതറി. ഇതൊക്കെ എനിക്ക് രക്തസാക്ഷികളാണ്’ -ദൃക്സാക്ഷി അൽജസീറയോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ വല്യുമ്മയെയും അമ്മാവനെയും അമ്മായിയെയും ഇവടെയാണ് അടക്കം ചെയ്തിരുന്നത്.
തങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നവരെയാണ് ആക്രമിക്കുന്നത് എന്ന ഇസ്രായേലിന്റെ വ്യാജഅവകാശവാദത്തെ ഇദ്ദേഹം ചോദ്യം ചെയ്തു: ‘കൂട്ടക്കുഴിമാടത്തിലുള്ളവർക്ക് പ്രതിരോധിക്കാൻ കഴിയില്ലല്ലോ? അവരുടെ കൈയിൽ മിസൈലും ഇല്ല. ജബലിയ അഭയാർഥി ക്യാമ്പിലും പരിസര പ്രദേശങ്ങളിലുമുള്ള രക്തസാക്ഷികൾ മാത്രമാണ് ഇവിടെയുള്ളത്. ഒരു എഫ് 16 വിമാനമാണ് അവരെ ലക്ഷ്യമിട്ട് ബോംബിട്ടത്”- ഇദ്ദേഹം പറഞ്ഞു.
‘അടുത്തിടെ അടക്കം ചെയ്ത നൂറുകണക്കിന് രക്തസാക്ഷികളുടെ മൃതദേഹങ്ങൾ അടങ്ങിയ കൂട്ട ഖബറുകളാണ് ഇസ്രായേൽ തകർത്തത്. മണ്ണിനടിയിൽ കിടന്ന മൃതദേഹങ്ങൾ പുറത്ത് ചിതറിക്കിടന്നു. ഗസ്സയിലെ സിവിൽ ഡിഫൻസ് ടീമുകൾ അവ വീണ്ടും സംസ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്’ -ഗസ്സ സിവിൽ ഡിഫൻസ് ഡയറക്ടർ അഹമ്മദ് അൽ കഹ്‍ലൂത്ത് പറഞ്ഞു.
മുമ്പും ഇസ്രായേൽ സേന ഖബർസ്ഥാനുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടുണ്ട്. ഖബറുകൾ മാന്തി നിരവധി മൃതദേഹങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. നിലവിലുള്ള ഖബർസ്ഥാനുകളിലേക്ക് എത്താനുള്ള പ്രയാസം കാരണം മിക്ക സ്ഥലങ്ങളിലും താൽക്കാലിക സൗകര്യം ഒരുക്കിയാണ് മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത്. പാർപ്പിട പരിസരങ്ങൾ, വീട്ടുമുറ്റങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങി പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും നിരവധി ഖബറുകൾ ഒരുക്കിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 30,410 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 71,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.