ഗസ്സ സിറ്റി: അഭയാർഥികൾ താമസിക്കുന്ന സ്കൂളിൽ അധിനിവേശ സേന നടത്തിയ ബോംബിങ്ങിൽ 22 പേർ കൊല്ലപ്പെട്ടു. 13 കുട്ടികളും ആറ് സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ജീവൻ നഷ്ടപ്പെട്ടവരിൽ ഒരാൾ ഗർഭിണിയായിരുന്നെന്ന് സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹമൂദ് ബസ്സൽ പറഞ്ഞു. ഒമ്പത് കുട്ടികളടക്കം 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് പോരാളികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രായേൽ സേന നൽകിയ വിശദീകരണം. ഗസ്സ സിറ്റിയിലെ അൽ സെയ്തൂൻ സ്കൂളിലായിരുന്നു ആക്രമണം. ഇസ്രായേൽ ക്രൂരത കാരണം സകലതും നഷ്ടപ്പെട്ട് ജീവനുംകൊണ്ട് പലായനം ചെയ്തുവന്ന ആയിരക്കണക്കിന് അഭയാർഥികളാണ് ഈ സ്കൂളിൽ കഴിയുന്നത്. ഒരു സന്നദ്ധ സംഘടനയുടെ സഹായം സ്വീകരിക്കാൻ അനാഥരായ കുട്ടികൾ സ്കൂളിലെത്തിയപ്പോഴാണ് യുദ്ധ വിമാനങ്ങൾ ബോംബ് വർഷിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇതാദ്യമായല്ല അഭയാർഥികൾ താമസിക്കുന്ന സ്കൂളുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ സേന ആക്രമണം നടത്തുന്നത്. യു.എൻ നടത്തുന്ന അൽ ജവ്നി സ്കൂളിൽ സെപ്റ്റംബർ 11ന് നടത്തിയ ബോംബിങ്ങിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യു.എ ഏജൻസിയുടെ ആറ് പ്രവർത്തകർക്കും ജീവൻ നഷ്ടപ്പെട്ട സംഭവം അന്താരാഷ്ട്രതലത്തിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഒരു വർഷത്തോളമായി ഇസ്രായേൽ ഗസ്സയിൽ തുടരുന്ന ആക്രമണത്തിൽ 41, 391 പേർ കൊല്ലപ്പെടുകയും 95,760 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.