ജറൂസലം: ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കൻ ലബനാനിലെ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം. ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയാണ് ഇസ്രായേൽ വ്യോമസേന ബോംബ് ആക്രമണം നടത്തിയത്. ഇത് കൂടാതെ, ഫർചൗബയിലും ഷെബയിലും പീരങ്കി ആക്രമണം നടത്തിയതായും ഇസ്രായേൽ വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച തെക്കൻ ലബനനിലെ അയ്ത അൽഷാബിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയും ബൈത് ലിഫ്, തയ്ബ്, ഒഡെയ്സ എന്നിവിടങ്ങളിലെ കെട്ടിടങ്ങൾക്ക് നേരെയും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.
ആഗസ്റ്റ് 25ന് ഇസ്രായേലിലെ സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഹിസ്ബുല്ല കനത്ത ആക്രമണം നടത്തിയിരുന്നു. 11 ഇസ്രായേലി സൈനിക കേന്ദ്രങ്ങൾക്ക് നേരെ 321 റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്.
ഒരു മാസം മുമ്പ് ബെയ്റൂത്തിൽ വെച്ച് കമാൻഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഹിസ്ബുല്ല നൽകിയത്. പകരം വീട്ടാൻ ലബനാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഇനിയുള്ള തിരിച്ചടിയും ആ രീതിയിലാകുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഹിസ്ബുല്ല ആക്രമണം ഇസ്രായേലിൽ ഭീതി പരത്തി. മന്ത്രിമാരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ബങ്കറുകളിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ, ഇസ്രായേൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.