ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീനെ വധിച്ചുവെന്ന് ഇസ്രായേൽ

ബൈറൂത്: കൊല്ലപ്പെട്ട ഹിസ്ബുല്ല അധ്യക്ഷൻ ഹസൻ നസ്റുല്ലയുടെ പിൻഗാമിയാകുമെന്ന് കരുതിയിരുന്ന മുതിർന്ന നേതാവ് ഹാശിം സഫിയുദ്ദീനെ വധിച്ചതായി പ്രഖ്യാപിച്ച് ഇസ്രായേൽ. ഒക്ടോബർ മൂന്നിന് ലബനാനിലെ ബൈറൂത്തിന് സമീപം ദാഹിയയിൽ നടന്ന ആക്രമണത്തിൽ ഹാശിം സഫിയുദ്ദീനും ഹിസ്ബുല്ല രഹസ്യാന്വേഷണ വിഭാഗം മേധാവി അലി ഹുസൈൻ ഹാസിമയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേൽ സ്ഥിരീകരണം. ഇക്കാര്യം ബുധനാഴ്ച രാത്രി ഹിസ്ബുല്ലയും സ്ഥിരീകരിച്ചു. സഫിയുദ്ദീനുമായി ബന്ധം നഷ്ടപ്പെട്ടതായി ആക്രമണത്തിനുശേഷം ഹിസ്ബുല്ല വൃത്തങ്ങൾ സൂചന നൽകിയിരുന്നു.

ഹിസ്ബുല്ല എക്സിക്യൂട്ടിവ് കൗൺസിൽ അധ്യക്ഷനായിരുന്ന സഫിയുദ്ദീൻ, ഹസൻ നസ്റുല്ലയുടെ ബന്ധുകൂടിയാണ്. 1964ൽ ദക്ഷിണ ലബനാനിൽ ജനിച്ച അദ്ദേഹം ഹിസ്ബുല്ല സ്ഥാപക അംഗങ്ങളിലൊരാളാണ്. ഏറെക്കാലം ഇറാൻ നഗരമായ ഖുമ്മിൽ കഴിച്ചുകൂട്ടിയ ശേഷമാണ് ലബനാനിൽ തിരിച്ചെത്തിയത്. 2017ൽ യു.എസ് അദ്ദേഹത്തെ ഭീകരപ്പട്ടികയിൽപെടുത്തി.

നസ്റുല്ല വർഷങ്ങളായി ഒളിവിൽ ജീവിച്ചപ്പോഴൊക്കെയും പൊതുവേദികളിൽ സംഘടനയെ പ്രതിനിധാനം ചെയ്തത് സഫിയുദ്ദീനായിരുന്നു. അദ്ദേഹത്തിന്റെ വധം സ്ഥിരീകരിക്കപ്പെട്ടാൽ മുതിർന്ന നേതാക്കളിൽ നഈം ഖാസിം മാത്രമാകും അവശേഷിക്കുന്നത്. നസ്റുല്ലയുടെ പിൻഗാമിയുടെ പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് നഈം ഖാസിം ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

രാഷ്ട്രീയനേതൃത്വത്തിന് പുറമെ സൈനിക പ്രമുഖരിൽ പലരെയും വധിച്ചെങ്കിലും ഇസ്രായേലിനുനേരെ ഹിസ്ബുല്ല തിരിച്ചടിക്ക് കുറവൊന്നുമുണ്ടായിട്ടില്ല. സെപ്റ്റംബർ 30ന് ദക്ഷിണ ലബനാനിൽ കരയാക്രമണം തുടങ്ങിയെങ്കിലും ഇസ്രായേലിന് കാര്യമായ പുരോഗതിയുണ്ടാക്കാനുമായിട്ടില്ല.

ലബനാനിൽ കനത്ത വ്യോമാക്രമണം തുടരുന്ന ഇസ്രായേൽ ഹിസ്ബുല്ല ബന്ധം ആരോപിച്ച് രാജ്യത്തെ പ്രമുഖ ബാങ്കിങ് ശൃംഖലയായ ഖർദുൽ ഹസൻ കെട്ടിടങ്ങൾക്കുനേരെയും വ്യാപക ആക്രമണം നടത്തി. അതിനിടെ, യുനെസ്കോ പൈതൃക പട്ടികയിൽപെടുത്തിയ ‘ടയർ’ പട്ടണത്തിലും ഇസ്രായേൽ വ്യാപക ആക്രമണം നടത്തി. ഗ്രേറ്റർ ബെയ്റൂത്തിൽ തിങ്കളാഴ്ച നടന്ന കനത്ത ബോംബിങ്ങിൽ നാല് കുട്ടികളടക്കം 18 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

വടക്കൻ ഗസ്സയിൽ സമ്പൂർണമായി കുടിയൊഴിപ്പിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളേറെയും ബോംബിട്ട് തകർക്കുകയാണ്. 24 മണിക്കൂറിനിടെ 74 പേർ കൊല്ലപ്പെട്ട ഗസ്സയിൽ 130 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Tags:    
News Summary - Israel confirms killing of Hashem Safieddine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.