ഗസ്സ: രാജ്യാന്തര സമൂഹത്തെയും അന്താരാഷ്ട്ര നീതിന്യായ കോടതിയെയും മനുഷ്യാവകാശ സംഘടനകളെയും വെല്ലുവിളിച്ച് ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. റഫയിലെ സൈനിക ഇടപെടൽ അടിയന്തരമായി നിർത്തിവെക്കണമെന്ന ഐ.സി.ജെ ഉത്തരവിന് ഒരു വിലയും കൽപിക്കാതെയാണ് റഫയിൽ അടക്കം മനുഷ്യരെ പച്ചക്ക് കത്തിക്കുന്ന ക്രൂരത തുടരുന്നത്. ഉത്തരവിടാനല്ലാതെ നടപ്പാക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ശേഷിയില്ലാത്തത് ലോകത്തിന്റെ നിസ്സഹായത.
ദക്ഷിണ റഫയിൽ അഭയാർഥികളുടെ തമ്പിൽ ഇസ്രായേൽ ബോംബിട്ടതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ചാരത്തിൽ മനുഷ്യശരീരം തിരയുന്ന ഫലസ്തീനികൾ കണ്ണീർ ചിത്രം മാത്രമല്ല. ലോക മനഃസാക്ഷിക്കുനേരെ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഗുരുതരമായി പൊള്ളലേറ്റവർക്ക് ചികിത്സ നൽകാൻ പോലും ഗസ്സയിൽ സൗകര്യമില്ല. ആരോഗ്യ സംവിധാനങ്ങളെല്ലാം ഇസ്രായേൽ ആക്രമിച്ച് തകർത്തിട്ടുണ്ട്.
ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തിയപ്പോൾ അഭയം തേടിയെത്തിയവരാണ് റഫയിൽ തുണിയും തകര ഷീറ്റും കെട്ടി താമസിച്ചിരുന്നത്. ഇനി അവർക്ക് പോകാൻ ഒരു ഇടവും ഇല്ല. സാധാരണക്കാരെ ലക്ഷ്യമിട്ട് ഭ്രാന്തമായ ആക്രമണമാണ് അധിനിവേശ സേന ഗസ്സയിൽ നടത്തുന്നത്. ഹമാസിനെ തകർക്കും, ബന്ദികളെ മോചിപ്പിക്കും എന്നത് ഉൾപ്പെടെ പ്രഖ്യാപിത സൈനിക ലക്ഷ്യങ്ങൾ ഒന്നുപോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ നിരാശയും രോഷവും തീർക്കുന്നത് സാധാരണക്കാർക്കുമേൽ കരുണയില്ലാത്ത ബോംബ് വർഷം നടത്തിയാണ്. ‘നമ്മൾ നിർത്തിച്ചില്ലെങ്കിൽ ഇസ്രായേൽ ഈ ഭ്രാന്ത് നിർത്തില്ലെന്നും അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ ഉപരോധിക്കണമെന്നും’ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഫ്രാൻസിസ്ക ആൽബനീസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.
ഖത്തർ, ഈജിപ്ത്, അയർലൻഡ്, നോർവേ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങൾ റഫ ആക്രമണത്തെ അപലപിച്ചു. ഗസ്സ ഭൂമിയിലെ നരകമായെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി അഭിപ്രായപ്പെട്ടു. ഐ.സി.ജെയുടെ വിധി ഇസ്രായേൽ നടപ്പാക്കുക തന്നെ വേണമെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ വകുപ്പ് മേധാവി ജോസഫ് ബോറൽ ആവശ്യപ്പെട്ടു. പ്രതിഷേധം വ്യാപിച്ചതോടെ, സംഭവം ഗൗരവമേറിയതാണെന്നും അന്വേഷിക്കുമെന്നും ഇസ്രായേൽ വിശദീകരണ കുറിപ്പിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.