ജറൂസലം: പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് പൂർണമായും പിൻവലിച്ച് ഇസ്രായേൽ. നേരത്തെ തുറസായ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നതിന് ഇളവ് നൽകിയ രാജ്യം ഇപ്പോൾ കച്ചവടസ്ഥാപനങ്ങൾ അടക്കമുള്ള പൊതുഇടങ്ങൾക്കുള്ളിലും മാസ്ക് ധരിക്കുന്നതിന് ഇളവ് നൽകിയിരിക്കുകയാണ്. ആരോഗ്യമന്ത്രി യൂലി എഡൽസ്റ്റൈനാണ് ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈ മാസം 15 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുകയെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതിനെ തുടർന്നാണ് പുതിയ തീരുമാനം. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മിക്കതിനും ഇതോടെ സർക്കാർ ഇളവ് നൽകിക്കഴിഞ്ഞു.
ഏപ്രിൽ 18 നാണ് പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഇസ്രായേൽ പിൻവലിച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നില്ലെങ്കിൽ നിയന്ത്രണങ്ങളിൽ പൂർണമായും ഇളവ് നൽകാനാണ് രാജ്യം ആലോചിക്കുന്നത്.
അതെ സമയം ഒമ്പത് രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. എന്നാൽ കഴിഞ്ഞ ആഴ്ച അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികൾക്ക് ഇസ്രായേലിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. രാജ്യത്തെ 65 ശതമാനത്തിലേറെ പേർക്കും വാക്സിൻ വിതരണം ചെയ്തതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി ഇസ്രായേൽ രംഗത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.