photo: AFP / Mahmud Hams

ഗസ്സയിൽ വെടിനിർത്തൽ നീട്ടി; ആശങ്കകൾക്കൊടുവിൽ ഏഴാം ദിനവും ആശ്വാസം

ദോഹ: ഗസ്സയിൽ ഒരുദിവ​സത്തേക്ക് കൂടി വെടിനിർത്തൽ നീട്ടി. ഇതോടെ വെടിനിർത്തൽ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു.

നിലവിലുള്ള വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മിനിട്ടുകൾ മാത്രം അവശേഷിക്കേയാണ് ഏറെ ചർച്ചകൾക്ക് ശേഷം നീട്ടാൻ തീരുമാനമായത്.

ബന്ദികളെ മോചിപ്പിക്കുന്നത് തുടരാനുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി കരാറിലെ വ്യവസ്ഥകൾക്ക് വിധേയമായി ഹമാസുമായുള്ള സന്ധി തുടരുമെന്ന് ഇസ്രായേൽ സേന അറിയിച്ചു. വെടിനിർത്തൽ ഏഴാം ദിവസത്തേക്കു കൂടി നീട്ടാൻ ധാരണയായതായി ഹമാസും പ്രസ്താവനയിൽ അറിയിച്ചു.

വെടിനിർത്തൽ നീട്ടുന്നതിനായി ബന്ദികളെ കൈമാറാനുള്ള തങ്ങളുടെ നിർദേശം ഇസ്രായേൽ നിരസിച്ചതായി ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ് അൽപസമയം മുമ്പ് അറിയിച്ചിരുന്നു. ബന്ദികളായ ഏഴ് സ്ത്രീകൾക്കും കുട്ടികൾക്കും പുറമേ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹവും കൈമാറാമെന്നായിരുന്നു ഹമാസ് നിർദേശം. ഇതിനുപകരമായി വ്യാഴാഴ്ച വെടിനിർത്തൽ വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഇസ്രായേൽ ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ ഗസ്സയിൽ വീണ്ടും നരമേധത്തിന് വഴിയൊരുങ്ങുമെന്ന ആശങ്കയിലായിരുന്നു ലോകം.

നിലവിലുള്ള വെടിനിർത്തൽ കരാർ രാവിലെ ഏഴുമണിക്ക് (ഇന്ത്യൻ സമയം 10.30) അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കേയാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഏഴാം ദിവസവും വെടിനിർത്താൻ ഹമാസും ഇസ്രായേലും ധാരണയായത്.

വെടിനിര്‍ത്തലിന്റെ ആറാം ദിനമായ ഇന്നലെ 16 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്‍ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഇന്നലെ കൈമാറിയത്. 30 ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. ആറുദിവസ താൽക്കാലിക ഇടവേള വ്യാഴാഴ്ച രാവിലെ അവസാനിക്കാനിരിക്കെ വെടിനിർത്തൽ നാലുദിവസം കൂടി നീട്ടണമെന്ന് ഹമാസ് ആവശ്യപ്പെട്ടിരുന്നു.

മൊത്തം 60 ഇസ്രായേലി ബന്ദികൾ ഇതുവരെ മോചിതരായി. ഇതിനുപുറമെ 19 തായ്‍ലൻഡുകാരെയും ഒരു ഫിലിപ്പീൻസ് പൗരനെയും ഒരു റഷ്യൻ പൗരനെയും ഹമാസ് മോചിപ്പിച്ചു. ആകെ വിട്ടയക്കപ്പെട്ട ഫലസ്തീനി തടവുകാരുടെ എണ്ണം 180 ആയി. ഇസ്രായേലി സൈനിക കോടതി വർഷങ്ങളോളം തടവുശിക്ഷക്ക് വിധിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അതേസമയം, വെടിനിർത്തൽ തുടങ്ങിയതിനുശേഷം വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ വ്യാപക പരിശോധനയിൽ 133 പേർ ഇതുവരെ അറസ്റ്റിലായി. ജെനിൻ അഭയാർഥി ക്യാമ്പിൽ ബുധനാഴ്ച രണ്ട് കൗമാരക്കാരെയും റാമല്ലയിൽ വ്യാഴാഴ്ച ഒരുയുവാവിനെയും അധിനിവേശ സേന വെടിവെച്ചുകൊന്നു. 50ഓളം കവചിത വാഹനങ്ങളിലെത്തി വീടുകളിൽ ഇരച്ചുകയറിയ സൈന്യം കണ്ണീർവാതക, ഗ്രനേഡ് പ്രയോഗം നടത്തിയതായും നിരവധി പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ വാർത്ത ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു.

ഗസ്സയിൽ വെടിനിർത്തൽ തുടരണമെന്നും കൂടുതൽ സഹായമെത്തിക്കണമെന്നും ഹമാസ് മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ഗസ്സയിൽ സമ്പൂർണ വെടിനിർത്തലിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ ആസ്‌ട്രേലിയൻ സർക്കാറിൽ സമ്മർദം ശക്തമായി.

Tags:    
News Summary - Israel, Hamas agree to extend Gaza truce for a seventh day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.