ഗസ്സ: ആശുപത്രികൾക്കുനേരെ ഇസ്രായേൽ സേനയുടെ ഭീഷണിയിൽ ഗസ്സയിലെ ആരോഗ്യ രംഗം കൂടുതൽ അരക്ഷിതാവസ്ഥയിലായി. ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ഹോസ്പിറ്റലിനും ഒപ്പം അൽ ഖുദ്സ് ആശുപത്രിക്കും സമീപം നിരന്തരം ബോംബ് വർഷിക്കുകയാണ് ഇസ്രായേൽ യുദ്ധ വിമാനങ്ങൾ. ആശുപത്രികൾക്ക് താഴെ ഹമാസിന്റെ ആയുധപ്പുരകളും സങ്കേതങ്ങളും ഉണ്ടെന്നാരോപിച്ചാണ് ഭീഷണി.
വടക്കൻ ഗസ്സയിലെ വിവിധ ആശുപത്രികളിലായി ആയിരക്കണക്കിന് രോഗികൾ അകപ്പെട്ടുകിടക്കുകയാണെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി അറിയിച്ചു. ഇസ്രായേൽ റോഡുകൾ തകർത്തതിനാൽ ബോംബിങ് നടത്തിയ പ്രദേശങ്ങളിൽ ആംബുലൻസുമായി എത്തിപ്പെടാൻ കഴിയുന്നില്ലെന്ന് ഗസ്സ സിവിൽ ഡിഫൻസ് വളന്റിയർമാർ പറയുന്നു. സലാഅൽദീൻ മേഖലയിൽ അടിയന്തര സഹായം ആവശ്യമുണ്ടെങ്കിലും എത്തിച്ചേരാൻ വഴിയില്ല.
• ഒക്ടോബർ ഏഴിന് ഹമാസ് ബന്ദിയായി പിടിച്ച ഷാനി നിക്കോൾ ലൗക്ക് എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഇസ്രായേൽ അധികൃതർ പറഞ്ഞു. ഇവർ ജർമൻ-ഇസ്രായേൽ പൗരത്വമുള്ളയാളാണ്.
• വെസ്റ്റ് ബാങ്ക് പട്ടണങ്ങളിൽ ഫലസ്തീനികൾക്കു നേരെ അതിക്രമം രൂക്ഷമാക്കിയ ഇസ്രായേൽ പട്ടാളം ഇതുവരെയായി 119 പേരെ കൊലപ്പെടുത്തി.
• ഞായറാഴ്ച 33 സഹായ ട്രക്കുകൾ കൂടി ഗസ്സയിൽ എത്തിയതായി യു.എൻ അിറയിച്ചു. ആകെ 117 സഹായ ട്രക്കുകൾ എത്തി.
• 2019 മുതൽ ലോകത്ത് അരങ്ങേറിയ സംഘർഷങ്ങളിലായി ഓരോ വർഷവും കൊല്ലപ്പെടുന്നതിനേക്കാൾ കൂടുതൽ കുട്ടികൾ മൂന്നാഴ്ചകൊണ്ട് ഗസ്സയിൽ കൊല്ലപ്പെട്ടതായി സേവ് ദ ചിൽഡ്രൻ സംഘടന.
• ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും പ്രതിഷേധം കനക്കുന്നു.
വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ജർമനി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
• ദക്ഷിണ ഇസ്രായേൽ നഗരമായ നെറ്റിവോട്ടിൽ മൂന്നു റോക്കറ്റുകൾ പതിച്ചതായി റിപ്പോർട്ട്.
ഹമാസിനെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് ഫലസ്തീൻ അതോറിറ്റിക്കുള്ള ഫണ്ട് ഇസ്രായേൽ മരവിപ്പിച്ചു.
• മരിച്ചവരിൽ ആകെ 3457 കുട്ടികൾ. 2136 സ്ത്രീകൾ. 21,048 പേർക്ക് പരിക്കേറ്റു.
• കുടിവെള്ളക്ഷാമം കാരണം ജലജന്യരോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
• ആകെ 124 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.