ഭക്ഷണം കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ വധിച്ചു; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341

ഗസ്സ: വടക്കൻ ഗസ്സയിൽ ഭക്ഷണ വിതരണത്തിന് കാത്തുനിന്ന ആറുപേരെ കൂടി ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. 83 പേർക്ക് പരിക്കേറ്റു. നേരത്തെ ഇത്തരം സംഭവമുണ്ടായത് അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ കേന്ദ്രത്തിൽ ഇസ്രായേൽ ആക്രമണം നടത്തിയതിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു.

സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ ഇസ്രായേൽ ഉറപ്പാക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു. റഫയിൽ റോക്കറ്റ് ലോഞ്ചറാണെന്ന് കരുതി സൈക്കിൾ യാത്രക്കാരനെ ബോംബിട്ട് കൊലപ്പെടുത്തിയത് അബദ്ധമാണെന്ന് ഇസ്രായേൽ സമ്മതിച്ചു. ഖാൻ യൂനിസിൽ 15 പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിൽ ഒമ്പതുപേരെ ഇസ്രായേൽ സൈന്യം വധിച്ചു.

ജബലിയ അഭയാർഥി ക്യാമ്പിൽ ബോംബാക്രമണത്തിലൂടെ മൂന്ന് ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341 ആയി. ഇതിൽ 12,300 പേർ കുട്ടികളാണ്. 8000ത്തിലേറെ പേരെ കാണാതായിട്ടുണ്ട്. ഇവർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്. ഇവരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയില്ല.

ആകെ 73,134 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ 20 ഫലസ്തീനികളെ കൂടി കസ്റ്റഡിയിലെടുത്തു. ഒക്ടോബർ ഏഴിനുശേഷം വെസ്റ്റ് ബാങ്കിൽ കസ്റ്റഡിയിലെടുത്തവർ 7585 ആയി. അതിനിടെ ഹൂതികൾ ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി അവകാശപ്പെട്ടു. ഫലസ്തീനികൾക്കെതിരായ അക്രമം നിർത്തുന്നതുവരെ ഇസ്രായേൽ താൽപര്യങ്ങളെ ആക്രമിക്കുമെന്ന് ഹൂതികൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Israel killed six more who were waiting for food; 31,341 Palestinians killed in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.