ഇല്ല, 4368 കുട്ടികൾ ഇനി ഒരിക്കലും ഗസ്സയിലെ സ്കൂളിൽ വരില്ല; 231 അധ്യാപകരും

ഗസ്സ: ചോരക്കൊതിയടങ്ങി ഇസ്രായേൽ യുദ്ധം നിർത്തിയാൽ, കുഞ്ഞുങ്ങളുടെ രക്തം കുടിച്ച് സയണിസ്റ്റ് രാഷ്ട്രത്തിന് ദാഹമടങ്ങിയാൽ ഗസ്സയിലെ വിദ്യാലയങ്ങൾ തുറക്കും. എന്നാൽ, ക്ലാസിൽ ടീച്ചർ പേര് വിളിക്കുമ്പോൾ ഹാജർ പറയാൻ 4368 കുട്ടികൾ ഉണ്ടാവില്ല. അവർ മാത്രമല്ല, ഹാജർ വിളിക്കാൻ അവരുടെ പ്രിയ​പ്പെട്ട 231 അധ്യാപകരും ജീവനോടെയുണ്ടാകില്ല. ഇസ്രായേൽ അധിനിവേശ സേനയുടെ ബോംബുകളും വെടിയുണ്ടകളുമാണ് ഇവരുടെ ജീവനപഹരിച്ചത്. മനുഷ്യക്കുരുതി ഇനിയും നീണ്ടുപോയാൽ ഈ ഗ്രാഫും കുത്തനെ ഉയരും.

ഒക്‌ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം കൊല്ല​പ്പെട്ട വിദ്യാർഥികളുടെയും അധ്യാപകരുടെയും തകർക്കപ്പെട്ട വിദ്യാലയങ്ങളുടെയും എണ്ണം ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയമാണ് പുറത്തുവിട്ടത്. 

കഴിഞ്ഞ മൂന്നര മാസത്തിനിടെ ഗസ്സയിൽ മാത്രം 4,327 വിദ്യാർഥികളെ ഇസ്രായേൽ കൊലപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെ എണ്ണം 7,819 ആയതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇക്കാലയളവിൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം 41 വിദ്യാർഥികൾ കൊല്ലപ്പെടുകയും 282 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറഞ്ഞത് 85 വിദ്യാർഥികളെ ഇസ്രായേൽ പിടികൂടി ജയിലിലടച്ചിട്ടുണ്ട്. 756 അധ്യാപകർക്ക് പരിക്കേൽക്കുകയും ചെയ്തു.

388 വിദ്യാലയങ്ങളാണ് ഗസ്സയിൽ തകർത്തത്. 281 സർക്കാർ സ്കൂളുകളും യു.ൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ റെഫ്യൂജീസിൽ (UNRWA) അഫിലിയേറ്റ് ചെയ്ത 65 സ്കൂളുകളിലുമാണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ഇതിൽ 83 എണ്ണം ഭാഗികമായും ഏഴെണ്ണം പൂർണ്ണമായും നശിപ്പിക്കപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - Israel Palestine Conflict: 4,368 students killed, 388 schools bombed in gaza since October 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.