ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനുവരി നാലിന് കാലി​ഫോർണിയ നിയമസഭയിൽ പ്രതിഷേധിക്കുന്ന ജൂതമത വിശ്വാസികൾ (Photo: Jewish Voice for Peace)

അന്താരാഷ്ട്ര കോടതി നടപടിയെ പിന്തുണച്ച് ഇസ്രായേലിൽ ഒപ്പുശേഖരണം

തെൽഅവീവ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) നടക്കുന്ന വാദം കേൾക്കലിനെ പിന്തുണച്ച് ഇസ്രായേലിൽ ഒപ്പുശേഖരണം. വംശഹത്യക്കെതിരെ കോടതിയിൽ കേസ് നൽകിയ ദക്ഷിണാഫ്രിക്കയെ പിന്തുണച്ച് ഗസ്സക്കാർക്കനുകൂലമായി ഐ.സി.ജെ വിധിയെഴുതണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ 633 ഇസ്രായേലികൾ ഒപ്പുവെച്ചു.

ഗസ്സയിൽ ഇസ്രായേൽ സൈന്യം ദിവസേന നടത്തുന്ന അതിക്രമങ്ങൾ ഉടനടി തടയാനും മാനുഷിക സഹായം എത്തിക്കാനുമുള്ള ഏറ്റവും പ്രായോഗികമായ മാർഗമാണ് കോടതി നടപടിയെന്നും വൻ ദുരന്തം തടയാൻ കോടതി ഉത്തരവിടണ​മെന്നും നിവേദനത്തിന് മുൻകൈയെടുത്ത തെൽഅവീവ് സർവകലാശാല ഫിലോസഫി ലക്ചറർ അനത് മാറ്റർ അൽ ജസീറയോട് പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ഫലസ്തീനി വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ ഇന്നും നാളെയുമാണ് അന്താരാഷ്ട്ര കോടതി വാദം കേൾക്കുന്നത്. കേസിൽ വിധി വരാൻ സാധാരണ ഗതിയിൽ വർഷങ്ങൾ എടുത്തേക്കാം. എങ്കിലും ഇടക്കാല ഉത്തരവിലൂടെ വെടിനിർത്താൻ കോടതി ആവശ്യപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വംശഹത്യ സ്ഥാപിക്കപ്പെട്ടാൽ ഇസ്രായേലിന് അന്താരാഷ്ട്രതലത്തിൽ വൻ തിരിച്ചടിയാകും. അതേസമയം, ഉത്തരവിടാനല്ലാതെ അത് നടപ്പാക്കാൻ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഈ കോടതിക്ക് അധികാരമില്ലെന്നത് പ്രധാന ന്യൂനതയാണ്.

84 പേജുള്ള പരാതിയാണ് ദക്ഷിണാഫ്രിക്ക സമർപ്പിച്ചത്. ഇതിൽ ഇസ്രായേൽ ഒപ്പുവെച്ച 1948ലെ വംശഹത്യ ചട്ടങ്ങൾ ഗസ്സയിൽ ഇസ്രായേൽ ലംഘിച്ചെന്നും പതിനായിരക്കണക്കിന് സിവിലിയന്മാർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും പറയുന്നുണ്ട്. എന്നാൽ, ജർമനിയിൽ ജൂതർക്കെതിരെ നടന്ന ഹോളോകോസ്റ്റ് വംശഹത്യയെ തുടർന്നു രൂപവത്കരിച്ച വംശഹത്യ തടയുന്നതിനുള്ള കൺവെൻഷൻ, ഇപ്പോൾ ജൂത രാഷ്ട്രത്തിനെതിരെ ആയുധമാക്കുന്നത് എങ്ങനെയാണെന്ന് യു.എന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ ചോദിച്ചു.


ഭക്ഷണം, വെള്ളം, ആതുരശുശ്രൂഷ എന്നിവ മുടക്കിയത് ഫലസ്തീനികൾക്കെതിരെ വംശഹത്യ ലക്ഷ്യമിട്ടാണെന്നും നെതന്യാഹു അടക്കമുള്ള ഇസ്രായേൽ മന്ത്രിമാരുടെ പ്രസ്താവനകൾ വംശഹത്യക്ക് തെളിവാണെന്നും ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാണിക്കുന്നു.

വംശഹത്യക്കെതിരായ ആഗോള ഉടമ്പടി ഇസ്രായേൽ ലംഘിച്ചെന്ന് സമർത്ഥിക്കുന്ന നിരവധി തെളിവുകൾ ദക്ഷിണാഫ്രിക്ക നൽകിയിട്ടുണ്ട്. ഇസ്രാ​യേലി ഭരണകൂടം നടത്തിയ വിദ്വേഷ പ്രസ്താവനകളെല്ലാം വംശഹത്യ ആരോപണങ്ങൾ ബലപ്പെടുത്തുന്ന തെളിവായി അവതരിപ്പിക്കാനും ദക്ഷണാഫ്രിക്കക്ക് കഴിയും. 

Tags:    
News Summary - More than 600 Israelis sign petition supporting ICJ case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.