മരണക്കണക്ക് പോലും പുറത്തുവിടാനാവുന്നില്ല; ഗസ്സയിൽ ആശുപത്രികളുടെ മരണമണി മുഴങ്ങി

ഗസ്സ: നിരന്തര ആക്രമണത്തിലൂടെ ഗസ്സയിലെ ആശുപത്രികളിലെ ആശയവിനിമയ സംവിധാനങ്ങൾ ഇസ്രായേൽ തകർത്തതിനാൽ മേഖലയിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ. വെള്ളിയാഴ്ച മുതൽ തുടർച്ചയായ രണ്ടാം ദിവസവും ഗസ്സയിലെ മരണസംഖ്യയെകുറിച്ചച് വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്ന് ഫലസ്തീനിലെ യു.എൻ ദുരിതാശ്വാസ ഏജൻസി അറിയിച്ചു.

‘ഗസ്സയിൽ ഇസ്രായേൽ വളഞ്ഞ ആശുപത്രികളിലെ ആശയവിനിമയങ്ങളും ആരോഗ്യ സേവനങ്ങളും തകർന്നതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയം തുടർച്ചയായ രണ്ടാം ദിവസവും ഗാസയിലെ മരണങ്ങളുടെയും പരിക്കുകളുടെയും കണക്കുകൾ അപ്‌ഡേറ്റ് ചെയ്തിട്ടില്ല’ -യുഎൻ അറിയിച്ചു.

നവംബർ 10 ന് പ്രദേശിക സമയം ഉച്ചയ്ക്ക് 2 മണി വരെയുള്ള മരണസംഖ്യയാണ് അവസാനമായി ലഭിച്ചത്. 11,078 ഫലസ്തീനികളാണ് ആ സമയം വരെ ഗസ്സയിൽ കൊല്ലപ്പെട്ടതെന്ന് യു.എൻ ദുരിതാശ്വാസ ഏജൻസി അറിയിച്ചു.

നിരപരാധികളെ കൊന്നൊടുക്കരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ മുറവിളികൾക്കിടയിലും ഗസ്സയിലെ വെടിനിർത്തൽ ആവശ്യം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വീണ്ടും തള്ളിയിരുന്നു. കൂടുതൽ സൈനികരെ രംഗത്തിറക്കി ആക്രമണം കടുപ്പിച്ച ഇസ്രായേൽ, ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായ അൽ ശിഫയുടെ ഹൃദയചികിത്സ വിഭാഗവും ​ഐ.സി.യുവും ബോംബിട്ട് തകർത്തു. ഗുരുതര പരിക്കേറ്റവരെ അടക്കം ഒഴിപ്പിച്ച് തെരുവിലേക്കിറക്കി വിടുകയാണ്.ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായതായി ആരോഗ്യ മന്ത്രാലയ വക്താവ് അശ്റഫ് അൽ ഖുദ്റ പറഞ്ഞു.

ചുറ്റുപാടും വളഞ്ഞ് ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ധനവും വൈദ്യുതിയുമില്ലാതെ അൽ ഖുദ്സ് ആശുപത്രിയുടെ പ്രവർത്തനവും നിലച്ചു. രണ്ട് ആശുപത്രികളിലുമായി നവജാത ശിശുക്കളടക്കം ആയിരങ്ങളാണ് മരണവുമായി മല്ലിടുന്നത്. യുദ്ധം ആറാംവാരത്തിലേക്ക് കടക്കുമ്പോൾ ടെലിവിഷനിലൂടെ ഇസ്രായേലികളെ അഭിസംബോധന ചെയ്യവെയാണ് ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്.

ഹമാസിന്റെ തുരങ്കങ്ങളും സൈനിക കേന്ദ്രവുമുണ്ടെന്നാരോപിച്ച് അൽ ശിഫ ആശുപത്രി പരിസരത്ത് കനത്ത ആക്രമണം തുടരുകയാണ്. ആശുപത്രിയിലെ അവസാന ജനറേറ്ററും പ്രവർത്തനരഹിതമായതായും ഒരു നവജാതശിശു മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖാൻ യൂനുസിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിലെ യു.എൻ കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു.

Tags:    
News Summary - Israel Palestine Conflict: No Gaza death toll updates since Friday: UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.