അൽഖുദ്സ്: ശവപ്പറമ്പിൽ ഒരു ആശുപത്രി; വെള്ളമില്ല, വൈദ്യുതിയില്ല, 500 രോഗികൾ, ഇൻകുബേറ്ററിൽ പിഞ്ചുപൈതങ്ങൾ

ഗസ്സ: ഇൻകുബേറ്ററിൽ ജീവനും മരണത്തിനുമിടയിൽ പിഞ്ചുകുഞ്ഞുങ്ങൾ, ഐ.സി.യുവിൽ ഗുരുതര പരിക്കേറ്റ നിരവധി രോഗികൾ, ഇസ്രായേൽ ക്രൂരതയിൽ കൈകാലുകൾ ഛേദിക്കപ്പെട്ടവരടക്കമുള്ള 500 രോഗികൾ ചികിത്സ തേടി തലങ്ങും വിലങ്ങുംകിടക്കുന്നു... ഗസ്സ സിറ്റിയിൽ തലയുയർത്തി നിന്നിരുന്ന അൽ ഖുദ്സ് ആശുപത്രിയി​ലെ ഇപ്പോഴത്തെ രംഗമാണിത്.

തീർന്നില്ല, ആശുപത്രി നടത്തിപ്പിനാവശ്യമായ വെള്ളമോ വൈദ്യതിയോ ലഭ്യമല്ല. ആശുപത്രിയിലേക്കുള്ള റോഡുകൾ മുഴുവൻ ബോംബിട്ട് തകർത്തിരിക്കുന്നു. ആംബുലൻസ് ഓടാൻ പോലും ഇന്ധനമില്ല. നാലെണ്ണം കട്ടപ്പുറത്തായി. ഞായറാഴ്ച മുതൽ എല്ലാ ദിവസവും ആശുപത്രിയുടെ പരിസരത്ത് ദിവസേന ബോംബാക്രമണം നടക്കുകയാണെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് (പി.ആർ.സി.എസ്) വക്താവ് നബാൽ ഫർസഖ് അൽ ജസീറയോട് പറഞ്ഞു.

“ആശുപത്രി കെട്ടിടത്തിന്റെ 15 മീറ്റർ അകലെ വരെ ഇസ്രായേൽ ഷെല്ലാക്രമണം നടത്തി. ആശുപത്രിക്ക് ചുറ്റുമുള്ള ഭൂരിഭാഗം കെട്ടിടങ്ങളും ഏതാണ്ട് പൂർണമായി തകർത്തു. ദിവസം കഴിയുന്തോറും ബോംബ് സ്‌ഫോടനങ്ങൾ ആശുപത്രിയോട് കൂടുതൽ അടുക്കുകയാണ്. ആശുപത്രിയിൽ നേരിട്ട് ബോംബിട്ടേക്കു​മെന്ന് ഞങ്ങൾ ഭയപ്പെടുന്നു” -അവർ പറഞ്ഞു.

അൽ ഖുദ്‌സ് ഹോസ്പിറ്റലിലേക്കുള്ള മിക്ക റോഡുകളും അടച്ചിരിക്കുന്നു. ബോംബാക്രമണത്തിൽ പരിക്കേറ്റ് വിവിധയിടങ്ങളിൽ മരണാസന്നരായി കഴിയുന്നവരുടെ അടുത്തേക്ക്, തകർത്ത ദുർഘടമായ റോഡുകളിലൂടെ ആരോഗ്യപ്രവർത്തകർക്ക് ആംബുലൻസിൽ പോലും എത്താൻ കഴിയുന്നില്ല.

“ആശുപത്രിയിൽ ഏകദേശം 500 രോഗികളുണ്ട്. 15 പേർ ഐ.സി.യുവിൽകഴിയുന്നു. ഇൻകുബേറ്ററുകളിൽ നിരവധി നവജാതശിശുകളുണ്ട്. അതിനെല്ലാം പുറമേയാണ് ആശുപത്രിയിൽ അഭയം തേടിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള 14,000 അഭയാർഥികൾ” -ഫർസഖ് പറഞ്ഞു.

ഗസ്സയെ വിഭജിക്കാൻ ആക്കം കൂട്ടുന്ന ഇസ്രായേൽ, വടക്കൻ പ്രദേശങ്ങളിൽ മെഡിക്കൽ അവശ്യവസ്തുക്കളുടെയും മരുന്നുകളുടെയും വരെ വിതരണത്തിന് തടസം സൃഷ്ടിക്കുകയാണ്. ആശുപത്രിയിലെ ഇന്ധനശേഖരം തീർന്നതായും അവർ കൂട്ടിച്ചേർത്തു. “കുറച്ച് ദിവസം മുമ്പ് രോഗികൾക്കും ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും റൊട്ടിയും വെള്ളവും പോലും നൽകാനാവാതെ ഞങ്ങൾ ഏറെ പ്രയാസപ്പെട്ടു’ -ഫർസഖ് വേദനയോടെ പറഞ്ഞു.

അതിനിടെ, ഇന്ധനമില്ലാത്തതിനാൽ രാവിലെ 9 മണിക്ക് ശേഷം ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് ആശുപത്രി അധികൃതർ നിർത്തിവെച്ചു. ശസ്ത്രക്രിയാ വിഭാഗവും അടച്ചുപൂട്ടി. ഓക്സിജൻ ജനറേറ്ററുകളും പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. 

Tags:    
News Summary - Israel Palestine Conflict: Red Crescent fears for safety of Al Quds hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.