വെടിനിർത്തൽ സമയപരിധി ഉടൻ അവസാനിക്കും: മധ്യസ്ഥ ശ്രമം ഊർജിതം

ദോഹ: ഗസ്സയില്‍ ആറുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയപരിധി പ്രാദേശിക സമയം രാവിലെ ഏഴുമണിക്ക് അവസാനിക്കും. ഇന്ത്യൻ സമയം പകൽ 10.30നാണ് കരാർ പ്രകാരമുള്ള വെടിനിര്‍ത്തല്‍ അവസാനിക്കുക. കരാർ ദീര്‍ഘിപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍. ഇതിനായി ഇസ്രായേലുമായും ഹമാസുമായുള്ള ചർച്ച പുരോഗമിക്കുകയാണ്.

വെടിനിർത്തൽ നാലുദിവസം കൂടി നീട്ടണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടത്. എന്നാൽ, ഞായറാഴ്ചക്കപ്പുറം വെടിനിർത്തൽ നീട്ടിക്കൊണ്ടുപോകാനാകില്ലെന്നാണ് ഇസ്രായേൽ നിലപാട്.

അതിനിടെ, വെടിനിര്‍ത്തലിന്റെ ആറാം ദിനമായ ഇന്നലെ 16 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്‍ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഹമാസ് കൈമാറിയത്. 30 ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. വെടിനിര്‍ത്തല്‍ നീട്ടുന്ന കാര്യത്തിൽ ഉടന്‍ ധാരണയിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മൊത്തം 60 ഇസ്രായേലി ബന്ദികൾ ഇതുവരെ മോചിതരായി. ഇതിനുപുറമെ 19 തായ്‍ലൻഡുകാരെയും ഒരു ഫിലിപ്പീൻസ് പൗരനെയും ഒരു റഷ്യൻ പൗരനെയും ഹമാസ് മോചിപ്പിച്ചു.

ആകെ വിട്ടയക്കപ്പെട്ട ഫലസ്തീനി തടവുകാരുടെ എണ്ണം 180 ആയി. ഇസ്രായേൽ സേനക്കെതിരെ കല്ലും സ്ഫോടകവസ്തുക്കളും എറിഞ്ഞ കുറ്റത്തിന് അറസ്റ്റിലായവരാണ് ഏറെ പേരും. ഇസ്രായേലി സൈനിക കോടതി വർഷങ്ങളോളം തടവുശിക്ഷക്ക് വിധിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം, വെടിനിർത്തൽ തുടങ്ങിയതിനുശേഷം വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ വ്യാപക പരിശോധനയിൽ 133 പേർ ഇതുവരെ അറസ്റ്റിലായി. ബുധനാഴ്ച ജെനിൻ അഭയാർഥി ക്യാമ്പിൽ രണ്ട് കൗമാരക്കാരെ സൈന്യം വെടിവെച്ചുകൊന്നു. 50ഓളം കവചിത വാഹനങ്ങളിലെത്തി വീടുകളിൽ ഇരച്ചുകയറിയ സൈന്യം കണ്ണീർവാതക, ഗ്രനേഡ് പ്രയോഗം നടത്തിയതായും നിരവധി പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ വാർത്ത ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു.

ഗസ്സയിൽ വെടിനിർത്തൽ തുടരണമെന്നും കൂടുതൽ സഹായമെത്തിക്കണമെന്നും ഹമാസ് മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ഗസ്സയിൽ സമ്പൂർണ വെടിനിർത്തലിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ ആസ്‌ട്രേലിയൻ സർക്കാറിൽ സമ്മർദം ശക്തമായി.

ന്യൂ സൗത്ത് വെയിൽസിലെ 40 ലേബർ പാർട്ടി ശാഖകൾ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ‘ഗസ്സയിലെ കശാപ്പുകാരൻ’ എന്ന് വിശേഷിപ്പിച്ച തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ലോകമെങ്ങും യഹൂദ വിരുദ്ധത വളർത്തുന്നതിൽ അദ്ദേഹം വലിയ പങ്കാണ് വഹിക്കുന്നതെന്നും ആരോപിച്ചു.

Tags:    
News Summary - Israel Palestine Conflict: Still no agreement on extension of truce deal, as it gets closer to expiring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.