ജറൂസലം: വെസ്റ്റ് ബാങ്കിൽ 3300ലേറെ പുതിയ കുടിയേറ്റ ഭവനങ്ങൾ നിർമിക്കുമെന്ന് ഇസ്രായേൽ. മൂന്ന് ഫലസ്തീനികൾ വെടിയുതിർത്ത് ഇസ്രായേലി സൈനികൻ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്റിച്ച് കുടിയേറ്റ വ്യാപന പദ്ധതി പ്രഖ്യാപിച്ചത്.
300 വീടുകൾ കെദാറിലും 2350 എണ്ണം മാലി അദുമിമിലും 700 വീട് ഇഫ്റാതിലുമാണ് നിർമിക്കുക. ഓരോ വർഷവും ഇസ്രായേൽ ഫലസ്തീനികളെ അവരുടെ താമസ കേന്ദ്രങ്ങളിൽനിന്ന് തുരത്തി കുടിയേറ്റം വ്യാപിപ്പിക്കുകയാണ്. ഫലസ്തീൻ -ഇസ്രായേൽ സംഘർഷത്തിന്റെ മുഖ്യ കാരണം ഇതാണ്.
ഗസ്സ: 24 മണിക്കൂറിനിടെ നൂറിലേറെ പേർ കൊല്ലപ്പെട്ടതോടെ ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,514 ആയി. 69,616 പേർക്ക് പരിക്കേറ്റു. മധ്യ ഗസ്സയിലെ ദൈർ അൽ ബലാഹിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു.
അതിനിടെ വെടിനിർത്തൽ മധ്യസ്ഥ ചർച്ചകൾക്കായി ഈജിപ്തിലെത്തിയ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ഖത്തറിലേക്ക് മടങ്ങി. ചർച്ചയിൽ പുരോഗതിയില്ലെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നടക്കുന്ന കേസിൽ വിവിധ രാജ്യങ്ങൾ വാദം തുടരുകയാണ്. ഫെബ്രുവരി 26 വരെയായി 52 രാജ്യങ്ങളാണ് വാദം അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.