ഹേഗ്: ഗസ്സയിൽ വംശഹത്യ നടത്തുന്നുവെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം അന്താരാഷ്ട്ര കോടതിയിൽ നിഷേധിച്ച് ഇസ്രായേൽ. ഗസ്സയിലെ സൈനിക നടപടി ഇസ്രായേൽ ഉടനടി അവസാനിപ്പിക്കണമെന്ന ദക്ഷിണാഫ്രിക്കയുടെ ആവശ്യം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ഇസ്രായേലിനുവേണ്ടി ഹാജരായ അഭിഭാഷകൻ ക്രിസ്റ്റഫർ സ്റ്റേക്കർ പറഞ്ഞു. വംശഹത്യ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര കോടതി ഇടക്കാല നടപടി സ്വീകരിക്കണമെന്ന ദക്ഷിണാഫ്രിക്കയുടെ ആവശ്യത്തെ അദ്ദേഹം എതിർത്തു. ദക്ഷിണാഫ്രിക്ക സമർപ്പിച്ച കേസിൽ രണ്ടു ദിവസത്തെ വാദം വെള്ളിയാഴ്ച സമാപിച്ചു. കോടതിയുടെ തീരുമാനം വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര കോടതി പ്രസിഡന്റ് ജൊവാൻ ഡൊണോഗ് പറഞ്ഞു.
ഇസ്രായേലിനെയും പൗരൻമാരെയും ലക്ഷ്യമിട്ട് ഹമാസ് ആക്രമണം തുടരുമ്പോൾ സംയമനം പാലിക്കണമെന്ന തരത്തിലുള്ള നിർദേശത്തിന് പ്രസക്തിയില്ലെന്ന് ക്രിസ്റ്റഫർ സ്റ്റേക്കർ പറഞ്ഞു. സൈനികനടപടി നിർത്തിവെച്ചാൽ ഹമാസിന് കൂടുതൽ ആക്രമണം നടത്താനുള്ള ശക്തി സംഭരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം ന്യായീകരിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇസ്രായേലിെന്റ ഡെപ്യൂട്ടി അറ്റോണി പറഞ്ഞു. ഗസ്സയിൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വെള്ളത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഇസ്രായേലിനുവേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകൻ ഓംറി സെൻഡർ പറഞ്ഞു. ഭക്ഷണ ട്രക്കുകൾക്ക് ഗസ്സ മുനമ്പിൽ എത്താൻ കഴിയുന്നുണ്ട്. രോഗികൾക്കും പരിക്കേറ്റവർക്കും ചികിത്സക്കായി ഈജിപ്തിലേക്ക് പോകാൻ അനുമതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണമാണ് ഇസ്രായേലിനെ സ്വയം പ്രതിരോധത്തിന് നിർബന്ധിതരാക്കിയതെന്ന് മറ്റൊരു അഭിഭാഷകൻ മാൽക്കം ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.