അൽ ശിഫ ആശുപത്രിക്ക് അടിയിൽ ഹമാസ് തുരങ്കമെന്ന് ഇസ്രായേൽ; ആരോപണം കള്ളമെന്ന് ഹമാസ്

ഗസ്സ: ഗസ്സയിലെ അൽ ശിഫ ആശുപത്രിക്ക് താഴെയാണ് ഹമാസിന്റെ പ്രധാന തുരങ്കമെന്നും ഹമാസിന്റെ കമാൻഡ് കൺ​ട്രോൾ സെന്റർ ഈ ആശുപത്രിയിലാണെന്നും ഇസ്രായേൽ.

ആശുപത്രിയിൽ ബോംബിടുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ആശുപത്രിയെയും സാധാരണക്കാരെയും ഹമാസ് മറയാക്കുകയാണെന്നും ചില ഡയഗ്രവും ശബ്ദ റെക്കോഡിങ്ങുകളും സഹിതം ഇസ്രായേൽ സൈനിക വക്താവ് ആരോപിച്ചു. അതേസമയം, ഫലസ്തീനിക​ളെ കൂട്ടക്കൊല ചെയ്യാനുള്ള പുതിയ കള്ളങ്ങളാണ് ഇസ്രായേലിന്റെ ആരോപണമെന്ന് ഹമാസ് നേതാവ് ഇസ്സത്ത് റഷാഖ് ടെലഗ്രാമിൽ അറിയിച്ചു. അൽ അഹ്‍ലി ആശുപത്രിയിൽ നടത്തിയതിനേക്കാൾ വലിയ കൂട്ടക്കൊല നടത്താനാണ് അവർ പദ്ധതിയിടുന്നത്.

വൈദ്യുതി മുടക്കിയത് മറ്റു ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന അൽ ശിഫ ആശുപത്രികൂടി തകർത്ത് ഗസ്സയിലെ ആരോഗ്യ സംവിധാനം തകർക്കാനാണ് ശ്രമം. ഇതിന് ന്യായം ചമക്കാനാണ് പുതിയ കള്ളം പറയുന്നത്. നുണകളുടെ പരമ്പരതന്നെ ആവർത്തിക്കുന്നതാണ് ഇസ്രായേലിന്റെ രീതിയെന്ന് ഇസ്സത്ത് റഷാഖ് കൂട്ടിച്ചേർത്തു.

അൽ ശിഫ ആശുപത്രിയുടെ വരാന്തയിലും കാത്തിരിപ്പ് മുറികളിലും മുറ്റത്തുമൊക്കെയായി 50000ത്തിലേറെ അഭയാർഥികൾ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഗസ്സയിലെ അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ കഴിഞ്ഞയാഴ്ച നടത്തിയ ബോംബാക്രമണത്തിൽ 500ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Israel says Hamas tunnel under Al Shifa Hospital; Hamas says the accusation is false

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.