ഗസ്സ: ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി അവകാശപ്പെട്ട് ഇസ്രായേൽ സേന. എരിസ് അതിർത്തിയിൽനിന്ന് 400 മീറ്റർ അകലെയാണ് നാലു കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിന്റെ വിഡിയോ സൈന്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഹമാസ് പകർത്തിയ ദൃശ്യങ്ങൾ സൈന്യം പിടിച്ചെടുത്തതാണെന്ന് അവർ അവകാശപ്പെട്ടു. ചെറിയ വാഹനങ്ങൾക്ക് തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയും.
വർഷങ്ങളെടുത്ത് നിർമിച്ച തുരങ്കത്തിൽ അഴുക്കുചാലും വൈദ്യുതിയും റെയിലുമടക്കം സംവിധാനങ്ങൾ ഉണ്ട്. ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ സഹോദരൻ മുഹമ്മദ് സിൻവാറാണ് നിർമാണത്തിന് നേതൃത്വം നൽകിയതെന്ന് ഐ.ഡി.എഫ് പറഞ്ഞു. ഇസ്രായേൽ പ്രതിരോധമന്ത്രീ, ഇത് ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് കടക്കാൻ നിർമിച്ച തുരങ്കമാണെന്നും നിങ്ങൾ എത്താൻ വൈകിയെന്നും ഹമാസ് വിഡിയോ സന്ദേശത്തിൽ മറുപടി നൽകി.
തുരങ്കത്തിലേക്ക് പോകുന്നത് അപകടമെന്ന് വിട്ടയച്ച ബന്ദികൾ
തെൽ അവീവ്: ഹമാസിന്റെ തുരങ്കങ്ങളിലേക്ക് ഇസ്രായേൽ സൈന്യത്തെ അയക്കരുതെന്നും അത് ഏറെ അപകടം പിടിച്ചതാണെന്നും വെടിനിർത്തലിൽ ഹമാസ് വിട്ടയച്ച ബന്ദികൾ. വിട്ടയക്കപ്പെട്ട 100ലേറെ ബന്ദികളുമായി ശനിയാഴ്ച ഇസ്രായേൽ അധികൃതർ ചർച്ച നടത്തിയിരുന്നു.
ടൈംസ് ഓഫ് ഇസ്രായേൽ ഉൾപ്പെടെ ഇസ്രായേലി മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ അവർ കടന്നുപോയ വഴി അധികൃതർ ചോദിച്ചറിഞ്ഞു. പ്രതിരോധമന്ത്രി യൊആവ് ഗാലന്റ്, യുദ്ധകാല മന്ത്രിസഭാംഗം ബെന്നി ഗാന്റ്സ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ‘ഒരു ഘട്ടത്തിൽ കെട്ടിടങ്ങളിലായിരുന്നു ഞങ്ങൾ. ചുറ്റും ബോംബ് പതിക്കുന്ന ശബ്ദം കേൾക്കാമായിരുന്നെന്നും ബന്ദികൾ പറഞ്ഞു. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന നിലയിലായിരുന്നു. ഭീതിയിലാണ് ഓരോ നിമിഷവും തള്ളിനീക്കിയിരുന്നത്.
എത്രയും വേഗം തുരങ്കത്തിലേക്ക് മാറ്റണമെന്ന് ഹമാസിനോട് അഭ്യർഥിച്ചു’. വിട്ടയച്ചവരിലൊരാൾ പറഞ്ഞു. ഇസ്രായേലി പട്ടാളക്കാരെ തുരങ്കങ്ങളിലേക്ക് അയക്കുന്നത് എന്ത് വില കൊടുത്തും തടയണം. അത് അവർക്കും ബന്ദികൾക്കും അപകടമാണ്. ബന്ദികളുടെ മോചനത്തിനാണ് ഏറ്റവും മുൻഗണന നൽകുന്നതെന്ന് മന്ത്രിമാർ ഉറപ്പുനൽകി. ഹമാസ് മേധാവി യഹ്യ സിൻവറിനെ പിടികൂടുന്നത് പ്രതീകാത്മക വിജയം മാത്രമാണെന്നും ഗസ്സയിൽനിന്ന് ഹമാസിനെ തുടച്ചുനീക്കാനാണ് യഥാർഥ പോരാട്ടമെന്നും മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.