വെസ്റ്റ്ബാങ്ക്: ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്കിൽ 1,977 ഏക്കർ (800 ഹെക്ടർ) ഭൂമി കൂടി ഇസ്രായേൽ കൈയേറി. ഇത് സർക്കാർ ഭൂമിയായി പ്രഖ്യാപിച്ച ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്, ഇവിടെ കുടിയേറ്റ വീടുകൾ നിർമിക്കുമെന്നും പറഞ്ഞു.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള ചർച്ചകൾക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇസ്രായേലിലെത്തിയതിന് പിന്നാലെയാണ് ഭൂമി കൈയേറിയ കാര്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഗസ്സയിലെ കൂട്ടക്കുരുതിക്കും വെസ്റ്റ് ബാങ്കിലെ അധിനിവേശത്തിനുമെതിരെ അന്താരാഷ്ട്ര എതിർപ്പുകൾ ശക്തമാകുന്നതിനിടെയാണ് നീക്കം.
“ജൂദിയയുടെയും സമരിയയുടെയും (വെസ്റ്റ് ബാങ്കിന്റെ ബൈബ്ൾ നാമം) ഇസ്രായേലിന്റെ മുഴുവനും അവകാശങ്ങൾ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നവർ രാജ്യത്തിനകത്തും പുറത്തും ഉണ്ടെങ്കിലും കഠിനാധ്വാനത്തിലൂടെയും തന്ത്രപരമായ രീതിയിലും രാജ്യത്തുടനീളം കുടിയേറ്റം നടപ്പാക്കു’മെന്ന് സ്മോട്രിച്ച് പറഞ്ഞു. ഇസ്രായേലി മന്ത്രിസഭയിലെ കടുത്ത വലതുപക്ഷ പ്രതിനിധിയാണ് സ്മോട്രിച്ച്.
വെസ്റ്റ് ബാങ്കിലെ മാലെ അദുമിം പ്രദേശത്ത് 300 ഹെക്ടർ (740 ഏക്കർ) കൈയേറിയതിന് പിന്നാലെയാണ് ജോർദാൻ താഴ്‌വരയിലെ 1,977 ഏക്കർ കൈയേറിയത്. സ്വതന്ത്ര ഫലസ്തീനിന്റെ തലസ്ഥാനമായി ഫലസ്തീനികൾ കണക്കാക്കുന്ന പ്രദേശമാണിത്. 1993ലെ ഓസ്‌ലോ ഉടമ്പടിക്ക് ശേഷമുള്ള ഇത്രയധികം ഫലസ്തീനിഭൂമി ഒറ്റയടിക്ക് പിടിച്ചെടുക്കുന്നത് ഇതാദ്യമായാണെന്ന് ഇസ്രായേലി കുടിയേറ്റ നിരീക്ഷണ സംഘടനയായ പീസ് നൗ പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ ഇനി ഇസ്രായേൽ കുടിയേറ്റം വ്യാപിപ്പിക്കരുതെന്ന് യുഎസ് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. കുടിയേറ്റ കോളനികൾ സ്ഥാപിക്കുന്നതും വിപുലീകരണവും അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ ടർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.
ഭൂമി പിടിച്ചെടുക്കുന്നതിനെയും അനധികൃത കുടിയേറ്റ വീടുകൾ നിർമിക്കുന്നതിനെയും ഫലസ്തീൻ ഭരണകൂടം അപലപിച്ചു. ഇസ്രായേലിന്റെ കുറ്റകൃത്യത്തിന് മുന്നിൽ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുകയാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.